ഭൂമി കുംഭകോണം; പല സംസ്ഥാനങ്ങളിലും പരീക്ഷിച്ചത് ബിജെപി ഇവിടെയും പരീക്ഷിക്കുന്നുവെന്ന് സിദ്ധരാമയ്യ
Saturday, August 17, 2024 5:29 PM IST
ബംഗളുരു: തനിക്കെതിരായ ഭൂമി കുംഭകോണ ആരോപണം കേന്ദ്ര സർക്കാരും കർണാടക ബിജെപി നേതാക്കളും ജെഡിഎസും ചേർന്ന് നടത്തിയ ഗൂഢാലോചനയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേസ് നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും പരീക്ഷിച്ചത് ബിജെപി ഇവിടെയും പരീക്ഷിക്കുന്നു. ഭരണഘടന വിരുദ്ധമായ നടപടിയെ നിയമപരമായി നേരിടാനാണ് തീരുമാനം. പാർട്ടി തനിക്കൊപ്പമുണ്ടെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
മൈസൂരു ഭൂമി കുംഭകോണക്കേസില്‍ കര്‍ണാടക മുഖ്യമന്ത്രിയും സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണർ അനുമതി നൽകിയിരുന്നു. മൈസൂരു വികസന അതോറിറ്റിയായ മൂഡ വഴി സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് അനധികൃതമായി ഭൂമി നല്‍കിയെന്ന കേസിലാണ് സിദ്ധരാമയ്യയെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ട് അനുമതി നല്‍കിയത്.
മുഡയുടെ കീഴിലുള്ള 50:50 ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിദ്ധരാമയ്യയ്ക്കും കുടുംബത്തിനുമെതിരെ അഴിമതി ആരോപണം ഉയർന്നത്. ലേഔട്ടുകളുടെ വികസനത്തിനായി ഭൂമി വിട്ടുനൽകുന്ന വ്യക്തികൾക്കു പകരം ഭൂമി മറ്റൊരിടത്തു നൽകുന്ന പദ്ധതിയാണിത്.
സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിൽ മൈസൂരു ഔട്ടർ റിംഗ് റോഡിലുള്ള കേസരയിൽ സ്ഥിതിചെയ്യുന്ന ഭൂമി ഈ പദ്ധതി പ്രകാരം ലേഔട്ട് വികസിപ്പിക്കാൻ മൈസൂരു നഗരവികസന അതോറിറ്റിക്കു നൽകിയിരുന്നു. പകരം നൽകിയ ഭൂമി അവർ അർഹിക്കുന്നതിനേക്കാൾ അധികം മൂല്യമുള്ളതാണെന്നും ഭൂമി കൈമാറ്റത്തിൽ ക്രമക്കേടുണ്ടെന്നുമാണ് ആരോപണം. ഇതുവഴി മൈസൂരു നഗരവികസന അതോറിറ്റിക്കും കർണാടക സർക്കാരിനും നാലായിരം കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നും ആക്ഷേപം ഉയർന്നിരുന്നു.