കന്നഡ സിനിമയുടെ "ദൈവക്കോലം’ ദേശീയ പുരസ്കാരത്തിൽ തിളങ്ങുന്പോൾ
Friday, August 16, 2024 2:54 PM IST
ബംഗളൂരു: ചലച്ചിത്രങ്ങളുടെ ആകാശഗംഗയിൽ അത്ര തിളങ്ങാതെ വട്ടംകറങ്ങിയിരുന്ന ഒന്നായിരുന്നു സാൻഡൽവുഡ്. ഒരു കാലത്ത് കന്നഡ സിനിമകളെ ശരാശരി നിലവാരത്തിൽ പോലും നിരൂപകർ വിലയിരുത്തിയിരുന്നില്ല. എന്നാൽ നിലവിൽ കാര്യങ്ങൾ അങ്ങനെയല്ല. കെജിഎഫും കാന്താരയും ബോക്സ് ഓഫീസുകൾ കീഴടക്കിയപ്പോൾ കന്നഡ സിനിമ ഇൻഡസ്ട്രി "പാൻ ഇന്ത്യനായി’ മാറി.
നാടോടിക്കഥയിൽ ദൈവികമായൊരു സ്പർശം കൂട്ടിയിണക്കി പകയും പ്രതികാരവും പ്രണയവും ചാലിച്ച കാന്താരയെ സാക്ഷാൽ രജനികാന്ത് പോലും വാനോളം പുകഴ്ത്തി. കന്നഡ ഇൻഡസ്ട്രിയിൽ ഒരു നവയുഗ സിനിമാ വിപ്ലവം കൊണ്ടുവന്നവരിൽ പ്രധാനിയായ ഋഷഭ് ഷെട്ടിയായിരുന്നു ചിത്രത്തിന് പിന്നിൽ. അദ്ദേഹം തിരക്കഥയെഴുതി സംവിധാനംചെയ്ത ചിത്രത്തിൽ നായകനും ഋഷഭായിരുന്നു.
കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കുന്ദാപുര താലൂക്കിലെ കേരാഡി ഗ്രാമത്തിലാണ് ഋഷഭ് ജനിച്ചത്. പ്രശാന്ത് ഷെട്ടി എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ പേര്. കുന്ദാപുരയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് വിജയ കോളജിൽ ബികോമിന് ചേർന്നു.
തന്റെ നാട്ടിൽ യക്ഷഗാന നാടകങ്ങൾ ചെയ്തുകൊണ്ടാണ് അദ്ദേഹം കലാജീവിതം ആരംഭിച്ചത്. പിന്നീട് പ്രഫഷണൽ നാടകങ്ങളിലും സജീവമായി. ശേഷം ലൈറ്റ് ബോയ്, സ്പോട്ട് ബോയ്, അസിസ്റ്റന്റ് എന്നീ നിലകളിൽ സിനിമയിൽ തന്റെ കരിയർ ആരംഭിച്ചു.
എന്നാൽ നടനും എഴുത്തുകാരനും സംവിധായകനുമായ രക്ഷിത് ഷെട്ടിയെ കണ്ടുമുട്ടിയതായിരുന്നു അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന്റെ വഴിത്തിരിവ്. തുഗ്ലക് എന്ന ചിത്രത്തിലായിരുന്നു ആദ്യ പ്രധാന വേഷം. പിന്നീട് പവൻ കുമാറിന്റെ ലൂസിയയിൽ പോലീസ് ഓഫീസറായി ഒരു ചെറിയ വേഷം ചെയ്തു. അങ്ങനിരിക്കെ 2016 ൽ, രക്ഷിത് ഷെട്ടിയെ നായകനാക്കി അദ്ദേഹം ആദ്യമായി സംവിധായകനായി. റിക്കി എന്ന ആ ചിത്രംബോക്സ് ഓഫീസിൽ ശരാശരി വിജയം മാത്രമാണ് നേടിയത്.
എന്നാൽ അതേ വർഷം അദ്ദേഹം കിരിക് പാർട്ടി എന്ന ചിത്രം ഒരുക്കി. അത് ഇൻഡസ്ട്രി ഹിറ്റായി മാറി. പിന്നീട് ’സർക്കാർ ഹി’ എന്ന ചിത്രം സംവിധാനം ചെയ്ത അദ്ദേഹം വൈകാതെ ചില ചിത്രങ്ങളിൽ നായകനായും തിളങ്ങി.
ഇതിനിടെ സർക്കാരി ഹിരിയ പ്രാഥമിക ശാലെ, കാസർഗോഡു എന്ന ചിത്രത്തിന് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹം നേടി. രാജ് ഷെട്ടി സംവിധാനം ചെയ്ത ഗരുഡ ഗമന വൃഷഭ വാഹനത്തിലെ പ്രകടനവും അദ്ദേഹത്തിന് കൈയടി നേടിക്കൊടുത്തു.
2021 സെപ്റ്റംബറിലാണ് അദ്ദേഹം കാന്താരയുടെ ചിത്രീകരണം ആരംഭിച്ചത്. കാടിന് അവകാശപ്പെട്ടത് എന്നർഥമുള്ള കാന്താര 2022 സെപ്റ്റംബർ 30ന് തിയറ്ററുകളിൽ എത്തി. പിന്നീട് നടന്നത് ചരിത്രം. ദൈവക്കോലമായി ക്ലൈമാക്സിൽ ഋഷഭ് നടത്തിയ അതുല്യ പ്രകടനത്തിൽ കൈയടിക്കാത്തവർ ആരും തന്നെയില്ല.
വടക്കൻ കേരളത്തിന്റെ തെയ്യവും ദക്ഷിണ കർണാടകയുടെ ദൈവക്കോലവുമൊക്കെ ആ നടന്റെ പ്രകടനത്തിൽ മിന്നിമാഞ്ഞപ്പോൾ ഹോംബാലെ ഫിലിംസ് 16 കോടി മുതൽമുടക്കി നിർമിച്ച ചിത്രം 450 കോടിയുടെ കളക്ഷൻ നേടി. മാത്രമല്ല സ്വിറ്റ്സർലൻഡിലെ ജനീവയിലുള്ള ഐക്യരാഷ്ട്രസഭയുടെ ഓഫീസിൽ പ്രദർശിപ്പിക്കാനുള്ള ബഹുമതിവരെ കാന്താര കരസ്ഥമാക്കി.
നിലവിൽ ഇന്ത്യൻ സിനിമയിൽ അവിഭാജ്യഘടകമാണ് കന്നഡ ഇൻഡസ്ട്രി. അതിനുകാരണക്കാരായ ഷെട്ടി കൂട്ടുകെട്ട് പിന്നെയും തങ്ങളുടെ മാജിക് തുടരുകയാണ്. ’കാന്താര: അധ്യായം 1’ എന്ന പേരിൽ കാന്താരയുടെ പ്രീക്വൽ തയാറാക്കുന്ന തിരക്കിലാണ് ഋഷഭിപ്പോൾ. അഭിനയത്തിന്റെ മറ്റൊരു തലത്താൽ ഋഷഭ് തങ്ങളെ വേറൊരു ലോകത്തെത്തിക്കുമെന്ന ഉറപ്പിൽ കാത്തിരിക്കുകയാണ് പ്രേക്ഷകർ.