ദേശീയ പതാക താഴ്ത്തുന്നതിനിടെ വൈദീകൻ ഷോക്കേറ്റ് മരിച്ചു
Thursday, August 15, 2024 9:07 PM IST
കാസർഗോഡ്: ദേശീയ പതാക താഴ്ത്തുന്നതിനിടെ ഷോക്കേറ്റ് വൈദീകൻ മരിച്ചു. കാസർഗോഡ് മുള്ളേരിയ ഇടവക വികാരി ഫാ. മാത്യു കുടിലിൽ (ഷിൻസ്) ആണ് മരിച്ചത്.
സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് ഉയർത്തിയ ദേശീയ പതാകയുടെ കൊടിമരം അഴിച്ചുമാറ്റുന്നതിനിടെ കമ്പി വൈദ്യുത ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ട് 7.30 ഓടെ മരണം സംഭവിക്കുകയായിരുന്നു.
തലശേരി അതിരൂപതാംഗമാണ് ഫാ. ഷിൻസ്. കണ്ണൂർ ജില്ലയിലെ എഡൂർ സ്വദേശിയാണ്. 2010 ൽ തലശേരി മൈനർ സെമിനാരിയിൽ വൈദീക പഠനത്തിനായി പ്രവേശിച്ചു. കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽനിന്ന് തത്വശാസ്ത്ര പഠനവും ആലുവ മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽനിന്ന് ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി.
2020 ഡിസംബർ 28 ന് അഭിവന്ദ്യ മാർ ജോർജ് വലിയമറ്റം പിതാവിൽനിന്ന് തിരുപ്പട്ടം സ്വീകരിച്ചു. നെല്ലിക്കംപൊയിൽ, ചെമ്പന്തൊട്ടി, കുടിയാന്മല പള്ളികളിൽ അസിസ്റ്റന്റ് വികാരിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. സംസ്കാരശുശ്രൂഷയെ സംബന്ധിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കും.