സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നാളെ പ്രഖ്യാപിക്കും
Thursday, August 15, 2024 8:25 PM IST
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നാളെ പ്രഖ്യാപിക്കും. പകൽ 12 ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ആണ് അവാർഡ് പ്രഖ്യാപിക്കുക. സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്.
അരഡസൻ ചിത്രങ്ങളിൽ നിന്നാകും പ്രധാന പുരസ്കാരങ്ങളെല്ലാം പ്രഖ്യാപിക്കുക. മികച്ച സിനിമയ്ക്കായി ഉള്ളൊഴുക്ക്, ആടുജീവിതം, കാതൽ ദ കോർ, 2018, എവരി വൺ ഈസ് എ ഹീറോ, കണ്ണൂർ സ്ക്വാഡ് തുടങ്ങിയ ചിത്രങ്ങൾ പരിഗണനയിലുണ്ട്.
ക്രിസ്റ്റോ ടോമി, ബ്ലസി, ജിയോ ബേബി, ജൂഡ് ആന്റണി ജോസഫ്, റോബി വർഗീസ് രാജ് തുടങ്ങിയവർ മികച്ച സംവിധായകരുടെ വിഭാഗത്തിലും മത്സരിക്കുന്നു.
മികച്ച നടനെ തെരഞ്ഞെടുക്കുന്നതിനുള്ള പട്ടികയിൽ മമ്മൂട്ടിയും പൃഥിരാജും കുഞ്ചാക്കോ ബോബനും ടൊവിനോ തോമസുമാണ് ഉള്ളത്. പാർവതി തിരുവോത്ത്, ഉർവശി എന്നിവർ ഉള്ളൊഴുക്കിലെ അഭിനയമികവിൽ മികച്ച നടിമാരുടെ പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്.
ദേശീയ ചലചിത്ര അവാര്‍ഡ് പ്രഖ്യാപനവും നാളെ നടക്കും. വൈകിട്ട് മൂന്നിനാണ് ദേശീയ അവാർഡുകൾ പ്രഖ്യാപിക്കുന്നത്.
.