ബംഗ്ലാദേശിൽ ന്യൂനപക്ഷ ഹിന്ദുക്കൾ സംരക്ഷിക്കപ്പെടണം, ഇപ്പോഴത്തെ സംഭവങ്ങളിൽ ആശങ്ക: പ്രധാനമന്ത്രി
Thursday, August 15, 2024 1:17 PM IST
ന്യൂഡൽഹി: ബംഗ്ലാദേശിൽ പഴയ സ്ഥിതി വേഗത്തിൽ പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലദേശിൽ ന്യൂനപക്ഷ ഹിന്ദുക്കൾ സംരക്ഷിക്കപ്പെടണമെന്നും രാജ്യത്തിന്റെ വികസന യാത്രയിൽ ഒപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. 78-ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി
ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും വിവിധ ന്യൂനപക്ഷവിഭാഗങ്ങളുടെയും സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച മോദി സമാധാനത്തിന്റെയും സമൃദ്ധിയുടെയും പാതയിൽ അയൽരാജ്യങ്ങൾ പോകണമെന്നാണ് ഇന്ത്യയുടെ ആഗ്രഹമെന്നും കൂട്ടിച്ചേർത്തു.
തങ്ങൾ സമാധാനത്തിന് പ്രതിജ്ഞാബദ്ധരാണ്. അയൽരാജ്യമെന്ന നിലയിൽ ബംഗ്ലാദേശിൽ നടക്കുന്ന സംഭവങ്ങളിൽ ആശങ്കയുണ്ട്. എത്രയും പെട്ടെന്ന് സാഹചര്യങ്ങൾ മെച്ചപ്പെടുമെന്ന് വിശ്വസിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.