രാജ്യം സ്വാതന്ത്ര്യ പുലരിയിൽ; ഡൽഹിയിൽ കനത്ത സുരക്ഷ
Thursday, August 15, 2024 2:41 AM IST
ന്യൂഡൽഹി: രാജ്യം ഇന്ന് 78 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തും. തുടർന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധനചെയ്യും.
കർഷകർ, സ്ത്രീകൾ ഗോത്രവിഭാഗത്തിൽ നിന്നുള്ളവരടക്കം ആറായിരം പേർ ഇത്തവണ ചടങ്ങുകൾക്ക് വിശിഷ്ടാതിഥികളായി പങ്കെടുക്കും. പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സംഘവും ആഘോഷങ്ങളിൽ പങ്കെടുക്കും.
ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രിയെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സ്വീകരിക്കും. പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തിയാലുടൻ വ്യോമസേനാ ഹെലികോപ്റ്ററുകൾ പുഷ്പ വൃഷ്ടി നടത്തും.
ശേഷം സംയുക്ത സേനാ വിഭാഗവും ഡൽഹി പോലീസ് ഗാർഡും ചേർന്നു പ്രധാനമന്ത്രിക്ക് സല്യൂട്ട് നൽകും. തുടർന്ന് പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിക്കും.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. വിഐപികൾക്കും, പ്രധാനമന്ദിരങ്ങൾ, ജനങ്ങൾ കൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജമ്മു കാഷ്മീരിൽ തുടർച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങൾ കൂടി കണക്കിലെടുത്താണ് സ്വാതന്ത്ര്യ ദിനത്തിൽ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.