ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡലുകൾ പ്രഖ്യാപിച്ചു
Wednesday, August 14, 2024 8:33 PM IST
ന്യൂഡൽഹി : 78-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ സേനാ മെഡലുകൾ പ്രഖ്യാപിച്ചു. മൂന്ന് സൈനികർക്കും ജമ്മുകാഷ്മീരിലെ പോലീസ് ഉദ്യോഗസ്ഥനുമാണ് കീർത്തിചക്ര നൽകി രാജ്യം ആദരിക്കുന്നത്.
അനന്തനാഗിൽ കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ മൻപ്രീത് സിംഗ്, റൈഫിൾമാൻ രവി കുമാർ, ജമ്മുകാഷ്മീർ പോലീസിലെ എച്ച്.എം.ബട്ട് എന്നിവർക്കാണ് മരണാനന്തര ബഹുമതിയായി കീർത്തിചക്ര നൽകുന്നത്.
18 സൈനികർക്കാണ് ശൗര്യചക്ര പ്രഖ്യാപിച്ചത്. ഇതിൽ നാല് പേർക്ക് മരണാനന്തര ബഹുമതിയായി ശൗര്യചക്ര നൽകും. കരസേനയിൽ നിന്ന് 63 പേർക്ക് ധീരതയ്ക്കുള്ള സേന മെഡലുകളും നല്കി രാജ്യം ആദരിക്കും. പതിനൊന്ന് പേർക്കാണ് നാവികസേനയുടെ ധീരതയ്ക്കുള്ള മെഡൽ ലഭിച്ചത്.
മലയാളിയായ ക്യാപ്റ്റൻ ബ്രിജേഷ് നമ്പ്യാർ ധീരതയ്ക്കുള്ള നാവികസേന മെഡലിന് അര്‍ഹനായി. യുദ്ധകപ്പലായ ഐഎൻഎസ് വിശാഖപട്ടണത്തിന്റെ കമാൻഡിംഗ് ഓഫീസറാണ് ബ്രിജേഷ് നമ്പ്യാർ .
വ്യോമസേന അംഗങ്ങൾക്കുള്ള രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡലുകളും പ്രഖ്യാപിച്ചു. രണ്ട് പേർക്ക് ശൗര്യചക്രയും ആറ് പേർക്ക് ധീരതയ്ക്കുള്ള വായുസേന മെഡലുകൾ നൽകി രാജ്യം ആദരിക്കും.