കാഫിർ പോസ്റ്റ്; ഗൂഢാലോചന അന്വേഷിച്ചാല്‍ സിപിഎമ്മിലെ ഉന്നതര്‍ കുടുങ്ങുമെന്ന് സതീശന്
Wednesday, August 14, 2024 2:48 PM IST
പാലക്കാട്:കാഫിര്‍ പോസ്റ്റിലെ ഗൂഢാലോചന അന്വേഷിച്ചാല്‍ സിപിഎമ്മിലെ ഉന്നത നേതാക്കൾ കുടുങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും തലയില്‍ ചാരി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ സിപിഎം നടത്തിയ ക്രൂരമായ ശ്രമമാണ് പുറത്ത് വന്നിരിക്കുന്നതെന്ന് സതീശൻ പ്രതികരിച്ചു.
യുഡിഎഫ് പ്രതീക്ഷിച്ചിരുന്ന റിപ്പോര്‍ട്ടാണ് കാഫിര്‍ പ്രയോഗവുമായി ബന്ധപ്പെട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. റെഡ് എന്‍കൗണ്ടര്‍, പോരാളി ഷാജി, അമ്പാടി മുക്ക് സഖാക്കള്‍, മുന്‍ എംഎല്‍എ കെ.കെ ലതികയുടെ ഫേസ്ബുക്ക് പോസ്റ്റ് എന്നിവ ഉള്‍പ്പെടെ അഞ്ച് സിപിഎം സൈബര്‍ പേജുകളിലും വാട്സാപ് ഗ്രൂപ്പുകളിലുമാണ് ഇത് പ്രചരിച്ചതെന്നാണ് പൊലീസ് നല്കിയ റിപ്പോര്‍ട്ടിലുള്ളത്.
ഭീകരപ്രവര്‍ത്തനത്തിന് സമാനമായ വിദ്വേഷ പ്രവര്‍ത്തനമാണ് സിപിഎം നടത്തിയത്. വോട്ട് കിട്ടാന്‍ ഏത് ഹീനമായ മാര്‍ഗവും അവലംബിക്കുമെന്ന് സിപിഎം തെളിയിച്ചു.
വ്യാജ സന്ദേശം ആരാണ് ഉണ്ടാക്കിയതെന്ന് പോലീസിന് അറിയാം. പക്ഷെ അവര്‍ക്ക് ഭയമാണ്. എന്നാൽ ഇതിന് അവസാനം കാണുന്നത് വരെ യുഡിഎഫ് നിയമപരമായി പോരാടുമെന്നും സതീശൻ കൂട്ടിച്ചേർത്തു.