പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; ദമ്പതികൾക്ക് കൗണ്‍സിലിംഗ് നൽകാൻ നിർദേശിച്ച് ഹൈക്കോടതി
Wednesday, August 14, 2024 11:23 AM IST
കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിനെതിരെയുള്ള ആരോപണം ഗുരുതരമെന്ന് ഹൈക്കോടതി. ഇരുവരെയും കൗണ്‍സിലിംഗിന് വിടാനും കോടതി നിര്‍ദേശം നല്കി.
പ്രതിയും പരാതിക്കാരിയും കോടതിയില്‍ ഹാജരായി. കേസില്‍നിന്ന് പിന്മാറുകയാണെന്ന് പരാതിക്കാരി അറിയിച്ചിട്ടും നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.
പരാതിക്കാരി കേസ് പിന്‍വലിക്കാനുള്ള സത്യവാംഗ്മൂലം നല്‍കിയത് ഭീഷണി മൂലമാണെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ആരുടെയും നിര്‍ബന്ധംകൊണ്ടല്ല പരാതി പിന്‍വലിക്കുന്നതെന്ന് യുവതി കോടതിയെ അറിയിച്ചു.
പരാതി പിന്‍വലിക്കാനുള്ള തീരുമാനം താന്‍ സ്വയം എടുത്തതാണ്. തനിക്കും രാഹുലിനും ഒരുമിച്ച് ജീവിക്കാനാണ് താത്പര്യമെന്നും യുവതി കോടതിയില്‍ പറഞ്ഞു. യുവതിയെ മര്‍ദിച്ചിരുന്നോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു പ്രതിയുടെ മറുപടി.
ഇതോടെ ഇരുവരെയും കൗണ്‍സിംഗിന് അയയ്ക്കാന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. കൗണ്‍സിലിംഗിന് ശേഷം കൗണ്‍സിലറുടെ റിപ്പോര്‍ട്ട് മുദ്ര വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണം. ഇത് കൂടി പരിഗണിച്ച ശേഷമാകും കേസ് റദ്ദാക്കണോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയെന്നും കോടതി വ്യക്തമാക്കി.
അതേസമയം പ്രതി രാഹുലിനെതിരെയുള്ള ആരോപണം ഗുരുതരമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. പരാതിക്കാരിയുടെ ശരീരത്തിൽ മാരകമായ മുറിവുകൾ ഉണ്ടായിരുന്നു. രണ്ട് പേരും ഒരുമിച്ച് ജീവിക്കുന്നതിൽ സർക്കാർ എതിരല്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.