യുവേഫ സൂപ്പര്‍ കപ്പ് ഫൈനല്‍: റയല്‍ മാഡ്രിഡ് ഇന്ന് അറ്റ്ലാന്റയെ നേരിടും
Wednesday, August 14, 2024 7:33 AM IST
വാര്‍സോ: യുവേഫ സൂപ്പര്‍ കപ്പ് ഫൈനലില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍മാഡ്രിഡ് ഇറ്റാലിയന്‍ കരുത്തരായ അറ്റ്ലാന്റയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 12.30 നാണ് മത്സരം. പോളണ്ടിലെ വാര്‍സോയിലുള്ള നാഷനല്‍ സ്റ്റേഡിയമാണ് വേദി.
യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ചാമ്പ്യന്മാരും യുവേഫ യൂറോപ്പ ലീഗിലെ തമ്മിലാണ് യുവേഫ സൂപ്പര്‍ കപ്പ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ജര്‍മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്ട്മണ്ടിനെ തോല്‍പ്പിച്ചാണ് റയല്‍ ചാമ്പ്യന്മാരായത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ജയം.
ഫൈനലില്‍ ജര്‍മന്‍ ലീഗ് ജേതാക്കളായ ബയേര്‍ ലെവര്‍കൂസനെ പരാജയപ്പെടുത്തിയാണ് അറ്റ്ലാന്റെ യുവേഫ യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കിയത്. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു വിജയം.
ഇരു ടീമുകളിലേയും പ്രധാന താരങ്ങളെല്ലാം മത്സരത്തിനിറങ്ങുമെന്നാണ് സൂചന. പിഎസ്ജി വിട്ട് റയലിലെത്തിയ സൂപ്പര്‍ താരം എംബാപ്പെ ഇന്ന് റയലിനായി കളത്തിലിറങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്.
ആറാം കിരീടം ലക്ഷ്യമിട്ടാണ് റയല്‍ ഇറങ്ങുന്നത്. ആദ്യ കീരീടമാണ് അറ്റ്ലാന്റയുടെ ലക്ഷ്യം.