ബിഹാറില്‍ ഭാര്യയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
Wednesday, August 14, 2024 5:14 AM IST
ഭാഗല്‍പുര്‍: ബിഹാറിലെ ഭാഗല്‍പുരില്‍ ഭാര്യയെ കൊലപ്പെടുത്തിയത് ശേഷം യുവാവ് ആത്മഹത്യചെയ്തു. വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് പോലീസ് കോണ്‍സ്റ്റബിളായ ഭാര്യയെ യുവാവ് കൊലപ്പെടുത്തിയത്.
പങ്കജ് എന്ന യുവാവാണ് ഭാര്യയെ കൊലപ്പെടുത്തിയത്. പങ്കജിനെയും ഭാര്യയേയും പങ്കജിന്റെ അമ്മയേയും രണ്ട് കുട്ടികളേയുമാണ് മരിച്ചനിലയില്‍ കണ്ടെത്തി. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് പങ്കജ് സംശയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പങ്കജും ഭാര്യ നീതു കുമാരിയും തമ്മില്‍ തര്‍ക്കമുണ്ടായി.
ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സംഭവസ്ഥലത്തുനിന്ന് പങ്കജിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും ഭാഗല്‍പുര്‍ റേഞ്ച് ഡി.ഐ.ജി വിവേകാനന്ദ് പറഞ്ഞു.രണ്ട് മക്കളേയും തന്റെ അമ്മയേയും കൊന്നത് ഭാര്യയായ നീതുവാണെന്നും അതിന്റെ പ്രതികാരത്തിലാണ് ഭാര്യയെ കൊന്നതെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പങ്കജ് പറയുന്നത്.
പാല് കൊണ്ടുവന്നയാളാണ് ചോരയില്‍ കുളിച്ചുകിടന്ന നിലയില്‍ മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. തുടര്‍ന്ന് ഇയാള്‍ അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. വിവിധ മുറികളിലായാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. നാല് മൃതദേഹങ്ങളിലും കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു.
പങ്കജിനെ സീലിങ്ങില്‍ തൂങ്ങിയനിലയിലാണ് കണ്ടെത്തിയതെന്നും കൊലപാതകത്തിന് ഉപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.