യുപിയിൽ വാഹനാപകടങ്ങൾ; പോലീസുകാരൻ ഉൾപ്പടെ ഏഴുപേർ മരിച്ചു
Wednesday, August 14, 2024 12:36 AM IST
ലക്നോ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ഡൽഹി-ഡെറാഡൂൺ ദേശീയ പാതയിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പോലീസ് കോൺസ്റ്റബിളും ഭാര്യയും ഉൾപ്പെടെ ഏഴു പേർ മരിച്ചു.
ബൈക്കിൽ ട്രക്ക് ഇടിച്ച് കോൺസ്റ്റബിൾ സുധീർ കുമാറും (28), ഭാര്യ സോണിയയും (26) മരിച്ചു. അപകടത്തെ തുടർന്ന് ട്രക്കിന്റെ ഒരു ഭാഗം തീപിടിച്ചിരുന്നു.
തീ നിയന്ത്രണ വിധേയമാക്കാൻ അഗ്നിശമന സേനയെത്തിയിരുന്നു. ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചതായി പോലീസ് അറിയിച്ചു.
രണ്ടാമത്തെ സംഭവത്തിൽ, മൻസൂർപൂർ പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള മഹീന്ദ്ര ഷോറൂമിന് സമീപം അമിതവേഗതയിൽ വന്ന അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികരായ ഈശ്വർ ദയാൽ (25), സന്ദീപ് വർമ (28) എന്നിവർ മരിച്ചതായി പോലീസ് പറഞ്ഞു.
ഇരുവരും മുസാഫർനഗറിൽ നിന്ന് ഖത്തൗലിയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. വാഹനത്തിന്റെ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചതായി സർക്കിൾ ഓഫീസർ രമാശിഷ് യാദവ് അറിയിച്ചു.
മൂന്നാമത്തെ സംഭവത്തിൽ, മൻസൂർപൂർ ഡിസ്റ്റിലറിക്ക് സമീപം അമിതവേഗതയിൽ വന്ന ട്രക്ക് ബൈക്കിൽ ഇടിച്ച് സൊരഭ് പാൽ (26), ദക്ഷ് സൈനി (25), കൃഷൻ (23) എന്നിവർ മരിച്ചു. സംഭവസ്ഥലത്തു നിന്നും ട്രക്ക് ഡ്രൈവർ രക്ഷപ്പെട്ടു.
മൂന്ന് സംഭവങ്ങളും അന്വേഷിച്ചുവരികയാണെന്നും വാഹനങ്ങളുടെ ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.