പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച സീനിയർ വിദ്യാർഥികളെ തടഞ്ഞ അധ്യാപികയ്ക്കും മർദനമേറ്റു
Tuesday, August 13, 2024 10:28 PM IST
കണ്ണൂർ: പ്ലസ് വൺ വിദ്യാർഥിയെ ക്ലാസിൽ കയറി സീനിയർ വിദ്യാർഥികൾ മർദിച്ചത് തടഞ്ഞ അധ്യാപികയെയും വിദ്യാർഥികൾ മുഖത്തടിച്ചു. തലശേരി ബിഇഎംപി ഹയർ സെക്കന്ററി സ്കൂളിലാണ് സംഭവം.
നാല് വിദ്യാർഥികളെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അധ്യാപികയായ കൊയിലാണ്ടി സ്വദേശിനി സിനിക്കാണ് മർദനമേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിയേറ്റ പ്ലസ് വൺ വിദ്യാർഥിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്ലസ് വൺ ഹ്യുമാനിറ്റീസ് ക്ലാസിൽ സിനി ക്ലാസെടുക്കുന്നതിനിടെ നാല് സീനിയർ വിദ്യാർഥികൾ ക്ലാസിൽ കടന്ന് ഒരു കുട്ടിയെ മർദിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഈ വിദ്യാർഥികൾ അധ്യാപികയുടെ മുഖത്തടിച്ചത്.