സിപിഎമ്മിന്റെ വർഗീയ ബോംബ് സ്വന്തം കൈയിലിരുന്നു പൊട്ടി: രാഹുൽ മാങ്കൂട്ടത്തിൽ
Tuesday, August 13, 2024 9:55 PM IST
തിരുവനന്തപുരം: കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തിൽ സിപിഎമ്മിനെയും കെ.കെ.ഷൈലജെയും പരിഹസിച്ച് യൂത്ത്കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. വടകര പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ ഷാഫി പറമ്പിലിനെ തോൽപ്പിക്കാൻ കഴിയില്ലെന്ന് മനസിലായതോടെയാണ് സിപിഎം വർഗീയതയെ കൂട്ടുപിടിച്ചത്.
ഇതിന് ജനങ്ങൾ ബാലറ്റിലൂടെ മറുപടി നൽകി. അതിന്റെ തെളിവാണ് ഷാഫിയുടെ വമ്പൻ ഭൂരിപക്ഷമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു. തെരഞ്ഞെടുപ്പിന്റെ തൊട്ട് തലേന്നാണ് സിപിഎം കാഫിർ എന്ന വർഗീയ ബോംബ് പെട്ടിച്ചത്. ആ ബോംബ് സ്വന്തം കൈയിലിരുന്ന് പൊട്ടിയെന്നും രാഹുൽ പറഞ്ഞു.
സ്ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലാണെന്ന് വടകര പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. പോരാളി ഷാജി, അമ്പാടി മുക്ക് സഖാക്കള്‍ എന്നീ ഫേസ്ബുക്ക് പേജുകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നാണ് സ്കീന് ഷോട്ട് ലഭിച്ചത്.
റെഡ് ബെറ്റാലിയനെന്ന ഗ്രൂപ്പില്‍ അമല്‍ രാമചന്ദ്രന് എന്ന ആളാണ് സന്ദേശമെത്തിച്ചത്. ഇയാൾക്ക് സ്ക്രീന്‍ ഷോട്ട് ലഭിച്ചത് റെഡ് എന്‍കൗണ്ടേഴ്സ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്നാണ്. റിബീഷ് രാമകൃഷ്ണന് എന്ന ആളാണ് സ്ക്രീന്‍ ഷോട്ട് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതെന്നും പോലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച പോരാളി ഷാജി എന്ന ഫേസ്ബുക്ക് പേജിനെ ബന്ധിപ്പിക്കുന്ന മൊബൈൽ സിമ്മുകൾ വഹാബ് എന്നയാളുടെ പേരിലുള്ളതാണെന്ന് പോലീസ് പറഞ്ഞു.