സർക്കാർ പരസ്യം പ്രദര്‍ശിപ്പിക്കാൻ 20 ലക്ഷം; വിമർശനവുമായി കെ.സുധാകരന്
Tuesday, August 13, 2024 6:31 PM IST
തിരുവനന്തപുരം: സര്‍ക്കാരിന്റെ പരസ്യചിത്രം പ്രദര്‍ശിപ്പിക്കാൻ 20 ലക്ഷം രൂപ അനുവദിച്ചതിനെ രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ഖജനാവിലെ പണം ധൂര്‍ത്തടിക്കാനാണ് പിണറായി സര്‍ക്കാർ ശ്രമിക്കുന്നത്.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവരെ പരിഹസിക്കുന്ന നടപടിയാണ് സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് പുറമെ ഡല്‍ഹി, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ 100 തിയറ്ററുകളിലാണ് സര്‍ക്കാരിന്റെ പരസ്യചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
വികസന നേട്ടങ്ങള്‍ ഇല്ലാത്ത പിണറായി സര്‍ക്കാരിന് എന്ത് നേട്ടമാണ് സംസ്ഥാനത്തിന് പുറത്ത് അവതരിപ്പിക്കാനുള്ളത്. അടിസ്ഥാന വികസനത്തിനും മുന്‍ഗണനാ പദ്ധികള്‍ പൂര്‍ത്തീകരിക്കുന്നതിനും സര്‍ക്കാരിന്റെ കൈയില്‍ ചില്ലിക്കാശില്ല.
കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പിണറായി സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതികളില്‍ ഇതുവരെ പൂര്‍ത്തികരിച്ചത് നാലെണ്ണം മാത്രമാണെന്നും കെ.സുധാകരൻ പറഞ്ഞു.