മിഷൻ അർജുൻ : പുഴയിൽ നിന്ന് ജാക്കി കിട്ടി
Tuesday, August 13, 2024 5:03 PM IST
ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനായുള്ള തെരച്ചിലിനിടെ പുഴയിൽ നിന്ന് ജാക്കി കണ്ടെടുത്തു. പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും സംഘവും നടത്തിയ തെരച്ചിലിലാണ് പുഴയുടെ അടിത്തട്ടിൽ നിന്ന് ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയത്.
ഇത് അർജുൻ ഓടിച്ച ലോറിയുടെ ജാക്കിയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. പുതിയ ജാക്കിയാണ് ലോറിയിലുണ്ടായിരുന്നത്. പുഴയിൽ നിന്ന് കിട്ടിയതും പുതിയ ജാക്കിയാണ്. അതിനാല്‍ തന്നെ ഇത് അര്‍ജുന്റെ ലോറിയിലുണ്ടായിരുന്ന ജാക്കി തന്നെയാണെന്നും മനാഫ് പറഞ്ഞു.
നിലവിൽ ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുഴയിൽ തെരച്ചിൽ നടത്തുന്നത്. ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചെന്നും നാളെ കൂടുതൽ മുങ്ങൽ വിദഗ്ധരെ സ്ഥലത്ത് എത്തിച്ച് തെരച്ചിൽ നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പുഴയുടെ അടിത്തട്ടിൽ മണ്ണ് കൂടിക്കിടക്കുകയാണെന്നും ഈശ്വർ മാൽപെ പറഞ്ഞു.
നാളെ രാവിലെ 8.30ഓടെ തെരച്ചില്‍ ആരംഭിക്കുമെന്നും കൂടുതല്‍ ആളുകളുടെ സഹായത്തോടെയായിരിക്കും നാളെത്തെ തെരച്ചില്‍ നടക്കുക. ഗംഗാവാലി പുഴയിൽ അടിയൊഴുക്ക് കുറഞ്ഞിട്ടുണ്ടെന്നും മുങ്ങിത്താഴുമ്പോള്‍ പുഴയുടെ അടിഭാഗം കാണാനാകുന്നുണ്ടെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു.
രാവിലെ തന്നെ ഇറങ്ങാനായാല്‍ കൂടുതല്‍ ഇടങ്ങളിൽ പരിശോധന നടത്താനാകും. ഇന്ന് രണ്ടു മണിക്കൂര്‍ മാത്രമാണ് തെരച്ചില്‍ നടത്തിയത്. നാളെ എസ്ഡിആറ്എഫ്, എന്‍ഡിആര്‍എഫ് അംഗങ്ങൾ സ്ഥലത്ത് എത്തും.