കോൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം: കേസ് സിബിഐയ്ക്ക് വിട്ടു
Tuesday, August 13, 2024 4:48 PM IST
കോൽക്കത്ത: ബംഗാളിലെ ആര്.ജി.കര് മെഡിക്കല്‍ കോളജിൽ വനിതാ ഡോക്ടർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസ് സിബിഐക്ക് വിട്ടു. ഇതുസംബന്ധിച്ച് കോൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു.
കൊല്ലപ്പെട്ട യുവതിയുടെ കുടുംബം ഉൾപ്പടെ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കേസുമായി ബന്ധപ്പെട്ട രേഖകൾ എല്ലാം ഉടൻ സിബിഐക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചു. വെള്ളിയാഴ്ച രാവിലെയാണ് യുവ ഡോക്ടറെ സെമിനാർ ഹാളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ആശുപത്രി അധികൃതരുടെ നടപടികളിൽ ഗുരുതര വീഴ്ചകളുണ്ടായിട്ടുണ്ടെന്നും കോടതി കുറ്റപ്പെടുത്തി. മെഡിക്കൽകോളജ് അധികൃതർ കൊല്ലപ്പെട്ട യുവതിയുടെയോ അവരുടെ കുടുംബത്തിന്റെയോ ഒപ്പം നിന്നില്ലെന്നും കോടതി പറഞ്ഞു.
മെഡിക്കൽകോളജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷിനോട് ദീർഘകാല അവധിയിൽ പ്രവേശിക്കാനും കോടതി നിർദേശിച്ചു. കേസിൽ കോളജ് പ്രിൻസിപ്പലിനെയാണ് ആദ്യം ചോദ്യം ചെയ്യേണ്ടിയിരുന്നതെന്ന് കോടതി പറഞ്ഞു.