അർജുന് വേണ്ടിയുള്ള തിരച്ചിൽ ഉടൻ പുനരാരംഭിക്കുമെന്ന് കാർവാർ എംഎൽഎ; കേരള സർക്കാരിനു വിമർശനം
Tuesday, August 13, 2024 3:54 PM IST
ബംഗളൂരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഉടൻ പുനരാരംഭിക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. തിരച്ചിലിന് അനുകൂല കാലാവസ്ഥയാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ഗംഗാവലി പുഴയിലെ അടിയൊഴുക്ക് രണ്ട് നോട്ട്സായി കുറഞ്ഞു. ഈശ്വർ മാൽപെയെ എത്തിച്ച് തിരച്ചിൽ തുടരുമെന്ന് എംഎൽഎ വ്യക്തമാക്കി.
അതേസമയം, ഡ്രഡ്ജര്‍ കൊണ്ടുവരുന്നതില്‍ കേരള സര്‍ക്കാര്‍ ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ലെന്നും എംഎല്‍എ കുറ്റപ്പെടുത്തി. പണം മുന്‍കൂര്‍ നല്‍കാമെന്ന് പറഞ്ഞിട്ടും കേരളം ഡ്രഡ്ജര്‍ എത്തിച്ചില്ലെന്നാണ് വിമര്‍ശനം.
പ്രതികൂല കാലവസ്ഥയെ തുടർന്നും ശക്തമായ അടിയൊഴുക്കിനെ തുടർന്നുമാണ് 14-ാം ദിവസം ഷിരൂരിലെ തിരച്ചിൽ നിർത്തിവച്ചിരുന്നത്. കാലാവസ്ഥ അനുകൂലമായതോടെ ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നാവികസേന എത്താതിരുന്നതോടെ പ്രതിസന്ധി നേരിടുകയായിരുന്നു. പുഴയിലെ ഡൈവിംഗിന് ജില്ലാ ഭരണകൂടം അനുമതി നൽകാത്തതാണ് കാരണം.