വിലങ്ങാടിന്റെ ദുഃഖവും കാണണം, പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി പ്രതിപക്ഷനേതാവ്
Tuesday, August 13, 2024 3:35 PM IST
കോഴിക്കോട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ കോഴിക്കോട്ടെ വിലങ്ങാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ അതേ ദിവസങ്ങളിലാണ് കോഴിക്കോട് വിലങ്ങാട്ടും ഉരുള്‍ പൊട്ടിയത്. വയനാടിന്റെ വിലാപത്തോട് പ്രതികരിച്ച അതേ രീതിയില്‍ വിലങ്ങാടിന്റെ ദുഃഖവും നമ്മള് കാണണമെന്നും അടിയന്തര പുനരധിവാസം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുറത്തറിഞ്ഞതിനേക്കാള്‍ വലിയ ദുരന്തമാണ് വിലങ്ങാട് സംഭവിച്ചത്. അതിന്റെ ആഴവും വ്യാപ്തിയും വളരെ വലുതാണ്. 24 ഉരുള്‍പൊട്ടലുകള്‍ ഉണ്ടായെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. 40 ഉരുള്‍പൊട്ടല്‍ എങ്കിലും ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിരവധി വീടുകള്‍ തകര്‍ന്നു. ഫലപ്രദമായ ഒരു വിലങ്ങാട് പാക്കേജ് പ്രഖാപിക്കേണ്ടത് അനിവാര്യമാണ്. പൂർണമായും തകർന്ന 21 വീടുകൾക്കും വാസയോഗ്യമല്ലാതെയായി പോയ 150 വീടുകൾക്കും പകരം വീടുകൾ നിർമിച്ചു നൽകണമെന്നും നിവേദനത്തിൽ പറയുന്നു.
അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ സതീശന് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. നാശനഷ്ടങ്ങളെ സംബന്ധിച്ച് വാണിമേല്‍ പഞ്ചായത്ത് തയാറാക്കിയ വിശദമായ റിപ്പോര്‍ട്ടും മുഖ്യമന്ത്രിക്കു കൈമാറി.
വിലങ്ങാട് 21 വീടുകള്‍ പൂർണമായി തകര്‍ന്നു. 150ൽ അധികം വീടുകള്‍ വാസയോഗ്യമല്ലാതായി. ഇവര്‍ക്ക് പുതിയ വീടുകള്‍ നല്കി പുനരധിവാസം ഉറപ്പാക്കണം. ദുരന്ത ബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കണം. കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. ദുരന്ത മേഖലയിലെ കര്‍ഷകര്‍ എടുത്ത കാര്‍ഷിക ലോണുകള്‍ എഴുതിത്തള്ളാന്‍ നടപടി സ്വീകരിക്കണം. തേക്ക് കര്‍ഷകരുടെ നഷ്ടവും നികത്തണം. ഏഴു പാലങ്ങള്‍ ഒലിച്ചുപോയി, നിരവധി റോഡുകള്‍ തകര്‍ന്നു. ഇവ അടിയന്തരമായി പുനര്‍നിർമിക്കണം. വിലങ്ങാട് അങ്ങാടിയിലെ ദുർബലമായ പാലം കൂടി അടിയന്തരമായി പുനര്‍നിർമിക്കണമെന്നും നിവേദനത്തിൽ പറയുന്നു.