നജീബ് കാന്തപുരം ആറ് വോട്ടുകൾക്ക് വിജയിച്ചതായി കണക്കാക്കാമെന്ന് ഹൈക്കോടതി
Tuesday, August 13, 2024 1:54 PM IST
കൊച്ചി: പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ യുഡിഎഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്റെ വിജയം ആറ് വോട്ടുകള്‍ക്കെന്ന് കണക്കാക്കാമെന്ന് ഹൈക്കോടതി. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് ഹര്‍ജി തള്ളി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് ഭൂരിപക്ഷം പുനര്‍നിര്‍ണയിച്ചത്.
എല്‍ഡിഎഫ് തര്‍ക്കമുന്നയിച്ച 348 വോട്ടുകളില്‍ സാധുവായത് 32 എണ്ണം മാത്രമാണെന്നും സാധുവായ വോട്ട് മുഴുവനും എല്‍ഡിഎഫിനെന്ന് കണക്കാക്കിയാലും യുഡിഎഫ് ആറ് വോട്ടിന് ജയിക്കുമെന്നും ഈ സാഹചര്യത്തില്‍ മാറ്റിവച്ച വോട്ടുകള്‍ എണ്ണേണ്ടതില്ലെന്നും ഹൈക്കോടതി പ്രസ്താവിച്ചു.
നജീബ് കാന്തപുരം 38 വോട്ടുകള്‍ക്ക് വിജയിച്ചതായാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിച്ചത്. 2021 നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവും ഇതായിരുന്നു.
യുഡിഎഫിന്റെ വിജയം ചോദ്യം ചെയ്ത് ഇടത് സ്ഥാനാർഥിയായിരുന്ന കെ.പി. മുഹമ്മദ് മുസ്തഫയായിരുന്നു ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്.
348 പോസ്റ്റല്‍ വോട്ടുകള്‍ സാങ്കേതിക കാരണങ്ങളുടെ പേരില്‍ തള്ളിക്കളഞ്ഞുവെന്നും ഇതില്‍ 300 വോട്ടുകള്‍ തന്റേതായിരുന്നുവെന്നും ഇത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചുവെന്നുമായിരുന്നു ഹർജിയിൽ ആരോപിച്ചിരുന്നത്. ഇത് തള്ളിയ ഹൈക്കോടതി നജീബ് കാന്തപുരത്തിന്റെ വിജയം നേരത്തെ തന്നെ ശരിവച്ചിരുന്നു.