കൈവിട്ടു വീണ്ടും കുതിച്ച് സ്വർണം; വീണ്ടും 52,000 കടന്നു, ഒറ്റയടിക്ക് കൂടിയത് 760 രൂപ
Tuesday, August 13, 2024 11:02 AM IST
കൊച്ചി: സംസ്ഥാനത്ത് കുതിച്ചുകയറി സ്വർണവില. പവന് 760 രൂപയും ഗ്രാമിന് 95 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണവില പവന് 52,520 രൂപയിലും ഗ്രാമിന് 6,565 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണവില 80 രൂപ കൂടി 5,425 രൂപയിലെത്തി.
വെള്ളിയാഴ്ച ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 51,000 കടന്നത്. ശനിയാഴ്ച 160 രൂപയും തിങ്കളാഴ്ച 200 രൂപയും വർധിച്ചു. ഇന്ന് വീണ്ടും കുതിച്ചുകയറിയതോടെയാണ് സ്വർണം വീണ്ടും 52,000 കടന്നത്. കഴിഞ്ഞ ബുധനാഴ്ച 50,800 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് എത്തിയ ശേഷം സ്വര്‍ണവില അഞ്ചുദിവസത്തിനിടെ 1,700 രൂപയാണ് വര്‍ധിച്ചത്.
കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്.
കഴിഞ്ഞ മാസം 26ന് 50,400 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. ദിവസങ്ങള്‍ക്കകം ഏകദേശം 4,500 രൂപയാണ് ഇടിഞ്ഞത്. പിന്നീട് വില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. ഒന്‍പത് ദിവസത്തിനിടെ 1440 രൂപ വര്‍ധിച്ച ശേഷമാണ് വില താഴേക്കുപോയത്.
ഇറാൻ -ഇസ്രയേൽ ആക്രമണഭീതി ഉടലെടുത്തതോടെയാണ് അന്താരാഷ്ട്ര സ്വർണവില കുതിച്ചുയർന്നത്. ട്രോയ് ഔൺസിന് 2,463 ഡോളർ വരെ എത്തി.
അതേസമയം, ഇന്നത്തെ വെള്ളി വിലയിലും വർധനയുണ്ട്. ഗ്രാമിന് ഒരു രൂപ കൂടി. ഇതോടെ വെള്ളി ഗ്രാമിന് 88.50 രൂപയും കിലോഗ്രാമിന് 88,500 രൂപയുമാണ്.