ലോസ് ആഞ്ചെലസ് കുലുങ്ങി; 4.4 തീവ്രത
Tuesday, August 13, 2024 10:54 AM IST
വാഷിംഗ്ഡണ്‍ ഡിസി: കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചെലസില്‍ ശക്തമായ ഭൂകമ്പം. പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20ന് ആണ് ഭൂകമ്പമുണ്ടായത്. 4.4 തീവ്രത രേഖപ്പെടുത്തി. ഹൈലാൻഡ് പാർക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ഭൂചലനത്തെ തുടര്‍ന്ന് ആളപായമൊ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളൊ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സമീപ നഗരങ്ങളായ പാസഡീന, ഗ്ലെന്‍ഡേല്‍ എന്നിവടങ്ങളിലേക്കും ഭൂകമ്പത്തിന്റെ ആഘാതമുണ്ടായതായി ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കുന്നു. സുനാമി മുന്നറിയിപ്പുകളൊന്നും അധികൃതര്‍ നല്‍കിയിട്ടില്ല.
ലോസ് ആഞ്ചെലെസ് അഗ്നിരക്ഷാ സേനയുടെ 106 സ്റ്റേഷനുകള്‍ നാശനഷ്ടങ്ങളുടെ കണക്ക് ശേഖരിക്കുന്നുണ്ട്. തുടക്കത്തില്‍ 4.7 തീവ്രത വിലയിരുത്തിയ ഭൂകമ്പം പിന്നീട് 4.4 തീവ്രതയുള്ളതാണെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ വിശദമാക്കുന്നു.
കഴിഞ്ഞ ആഴ്ചയിൽ നാലു മുതല്‍ അഞ്ചുവരെ തീവ്രതയുള്ള ഭൂകമ്പങ്ങള്‍ കാലിഫോര്‍ണിയയില്‍ അനുഭവപ്പെട്ടിരുന്നു. തുടര്‍ ചലനങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.