ഐഎസ്ആര്‍ഒയുടെ എസ്എസ്എല്‍വി ഇഒഎസ് 08ന്റെ വിക്ഷേപണം മാറ്റി
Tuesday, August 13, 2024 12:14 AM IST
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിന് നടത്താനിരുന്ന ഐഎസ്ആര്‍ഒയുടെ എസ്എസ്എല്‍വി ഇഒഎസ് 08ന്റെ വിക്ഷേപണം മാറ്റി. ഓഗസ്റ്റ് 16ന് വിക്ഷേപണം നടത്തുമെന്നാണ് പുതിയ അറിയിപ്പ്. വെള്ളിയാഴ്ച രാവിലെ 9.17ന് വിക്ഷപണം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
ഇഒഎസ് 08 ഭൗമ നിരീക്ഷണ ഉപഗ്രഹമാണ്. ഇന്ത്യയുടെ എറ്റവും ചെറിയ വിക്ഷേപണ വാഹനമായ എസ്എസ്എല്വിയാണ് വിക്ഷേപണ വാഹനം.എസ്എസ്എല്‍വിയുടെ മൂന്നാം പരീക്ഷണ വിക്ഷേപണമാകും ഇത്.
ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 08 രാപ്പകല്‍ ഭേദമന്യേ ഇന്‍ഫ്രാറെഡ് ചിത്രങ്ങളെടുക്കാന്‍ കെല്‍പ്പുള്ള ഉപഗ്രഹമാണ്. ദുരന്ത നിവാരണത്തിനും, പരിസ്ഥിതി പഠനത്തിനും ഉപഗ്രഹത്തില്‍ നിന്നുള്ള വിവരങ്ങള്‍ മുതല്‍ക്കൂട്ടാകും.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഐഎസ്ആര്‍ഒ വീണ്ടും വിക്ഷേപണ ദൗത്യം പ്രഖ്യാപിച്ചത്. ഫെബ്രുവരി പതിനേഴിന് നടന്ന ജിഎസ്എല്‍വി എഫ് 14ആയിരുന്നു ഇസ്രൊയുടെ അവസാന വിക്ഷേപണ ദൗത്യം.