ഷിരൂരിലെത്തി പ്രതിഷേധിക്കുമെന്ന് അര്‍ജുന്റെ കുടുംബം
Monday, August 12, 2024 9:40 PM IST
കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ കണ്ടെത്താൻ കഴിയാത്തതിൽ പ്രതിഷേധവുമായി കുടുംബം. തെരച്ചിൽ അനിശ്ചിതമായി വൈകുന്നതിൽ ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അര്‍ജുന്റെ കുടുംബം രംഗത്ത് എത്തി.
രണ്ടു ദിവസത്തിനുള്ളിൽ തെരച്ചില്‍ വീണ്ടും ആരംഭിച്ചില്ലെങ്കില്‍ അര്‍ജുന്റെ കുടുംബം ഒന്നടങ്കം ഷിരൂരിലെത്തി പ്രതിഷേധം ആരംഭിക്കുമെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിൻ പറഞ്ഞു. ഇന്ന് വൈകുന്നേരം ഷിരൂരിലേക്ക് പോവുകയാണെന്നും കളക്ടറെയും എംഎല്‍എയെയും കാണുമെന്നും ജിതിൻ പറഞ്ഞു.
ഇനിയും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ അര്‍ജുന്റെ ഭാര്യയും അമ്മയെയും മറ്റു കുടുംബാംഗങ്ങളെയും കൂട്ടി ഷിരൂരിലേക്ക് പോകാനാണ് തീരുമാനം. ഈശ്വര്‍ മല്‍പെ സ്വമേധയാ തെരച്ചില്‍ നടത്താൻ സന്നദ്ധനായി വന്നിട്ടും ജില്ലാ ഭരണകൂടമോ പോലീസോ അനുമതി നല്‍കുന്നില്ല.
കാലാവസ്ഥ അനുകൂലമാണിപ്പോള്‍. അടിയൊഴുക്കും കുറഞ്ഞു. എന്നിട്ടും ഈശ്വര്‍ മല്‍പെയെ ഗംഗാവലി പുഴയില്‍ ഇറങ്ങാൻ സമ്മതിക്കുന്നില്ല. എന്തുകൊണ്ടാണ് ജില്ലാ ഭരണകൂടത്തിന് ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്ന് മനസിലാകുന്നില്ല. അര്ജുന് പകരം വെറെ ഏതേലും മന്ത്രി പുത്രന്മാര് ആരെങ്കിലും ആയിരുന്നെങ്കില്‍ ഇങ്ങനെ ഒരു അവസ്ഥയുണ്ടാകില്ല. ഡ്രച്ചര്‍ കൊണ്ടുവരാനുള്ള നടപടിയും ഉണ്ടായിട്ടില്ല.
ജില്ലാ ഭരണകൂടത്തിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. അര്‍ജുനായുള്ള തെരച്ചില്‍ നിലവില്‍ പുനരാംരംഭിക്കാന്‍ പ്രതിസന്ധിയുണ്ടെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി. കെ.ശിവകുമാര്‍ പറഞ്ഞതിനെയും കുടുംബം വിമർശിച്ചു.
ഡി.കെ.ശിവകുമാര്‍ തെറ്റിദ്ധാരണ പരത്തുകയാണ്. കഴിഞ്ഞ നാലു ദിവസമായി മഴയില്ലെന്ന് പറഞ്ഞിട്ടും കാലാവസ്ഥ അനുകൂലമല്ലെന്ന് എങ്ങനെയാണ് ഉപമുഖ്യമന്ത്രി പറയുന്നതെന്ന് മനസിലാകുന്നില്ല.
തെരച്ചിൽ വൈകിയാൽ കുടുംബം ഷിരൂരിൽ എത്തി പ്രതിഷേധം തുടങ്ങാനാണ് തീരുമാനം. ഇപ്പോൾ അനുയോജ്യമായ കാലാവസ്ഥയാണ് ഷിരൂരിലുള്ളത്. പുഴയുടെ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. എന്നിട്ടും തെരെച്ചിൽ തുടങ്ങാത്തത് എന്ത് കൊണ്ടാണെന്ന് അറിയില്ലെന്നും ജിതിൻ പറഞ്ഞു.