പുലികളി വേണ്ടെന്നുവച്ച തീരുമാനം പുനഃപരിശോധിക്കണം; തൃശൂർ മേയർക്ക് നിവേദനം നൽകി
Monday, August 12, 2024 7:12 PM IST
തൃശൂർ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലികളി വേണ്ടെന്നുവച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ മേയർക്ക് നിവേദനം നൽകി. ഓണത്തോടനുബന്ധിച്ച് പുലികളി നടത്തണമെന്നാവശ്യപ്പെട്ട് ഒമ്പത് പുലികളി സംഘങ്ങളാണ് മേയർ എം.കെ.വർഗീസിന് നിവേദനം നൽകിയത്.
പുലികളി ഒരുക്കങ്ങളുടെ ഭാഗമായി ഓരോ ടീമിനും മൂന്നു ലക്ഷത്തിലധികം രൂപ ഇതിനോടകം ചെലവായിട്ടുണ്ടെന്നും പുലികളി നടത്താതിരുന്നാല്‍ സാമ്പത്തിക നഷ്ടം താങ്ങാൻ കഴിയില്ലെന്നും സംഘങ്ങള്‍ വ്യക്തമാക്കി. പുലികളി നടത്തിയില്ലെങ്കിൽ തങ്ങള്‍ക്കുണ്ടായ ബാധ്യത കോർപ്പറേഷൻ ഏറ്റെടുക്കണമെന്നും നിവേദനത്തിൽ പറയുന്നു.
പുലികളി നടക്കുന്നതിന് മാസങ്ങള്‍ക്ക് മുൻപ് തന്നെ അതിന് വേണ്ട മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. വേഷം കെട്ടുന്നവർക്ക് അഡ്വാൻസ് തുക അടക്കം നല്കി കഴിഞ്ഞു. ഇനി പുലികളി നടന്നില്ലെങ്കില്‍ വലിയ സാമ്പത്തിക നഷ്ടമായിരിക്കും ഉണ്ടാവുക.
വയനാടിന്റെ ദുഃഖത്തില്‍ പങ്കുചേരുകയാണെന്നും അതിന്റെ പേരില്‍ പുലികളി വേണ്ടെന്ന് വയ്ക്കുന്നത് ഭീമമായ നഷ്ടമാണ് കലാകാരന്മാർക്കുണ്ടാക്കുന്നതെന്നും സംഘാംഗങ്ങള്‍ പറഞ്ഞു.