തൃശൂരിൽ കടുത്ത നടപടിക്ക് കെപിസിസി; ശാസിച്ചും വിമർശിച്ചും നേതാക്കൾ
Monday, August 12, 2024 6:11 PM IST
തൃശൂർ: കെ.മുരളീധരന്റെ ലോക്സഭ തെരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലാ കോണ്‍ഗ്രസിനെ വരാൻപോകുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിനു മുന്‍പ് രക്ഷിച്ചെടുക്കാൻ രണ്ടും കൽപിച്ച് കെപിസിസി നേതൃത്വം. ഇനി ഉഴപ്പു നടക്കില്ലെന്ന വ്യക്തമായ മുന്നറിയിപ്പു കൊടുത്താണ് കഴിഞ്ഞ ദിവസം ശാസനയോടും വിമർശനത്തോടും കൂടി തൃശൂരിൽ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഏകദിന ക്യാന്പ് സമാപിച്ചത്.
കടുത്ത വിമർശനമാണ് സംസ്ഥാന നേതാക്കൾ ജില്ല നേതാക്കൾക്കെതിരെ ഉന്നയിച്ചത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഏകദിന ക്യാന്പിൽ ടി.എൻ. പ്രതാപനും ജോസ് വള്ളൂരിനും എൻ.പി.വിൻസെന്റിനും രൂക്ഷവിമർശനവുമായി വി.ഡി. സതീശൻ രംഗത്തെത്തിയത് ക്യാന്പിൽ പങ്കെടുത്തവരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. തൃശൂർ ജില്ലയിൽ പാർട്ടി എങ്ങനെ പ്രവർത്തിക്കുമെന്നു കാട്ടിത്തരാമെന്നും ഗ്രൂപ്പ് യോഗങ്ങൾ അനുവദിക്കില്ലെന്നും സതീശൻ തറപ്പിച്ചു പറഞ്ഞു.
ക്യാന്പിന്റെ ഇടയ്ക്കു ഫോണുമായി പുറത്തേക്ക് ഇറങ്ങാൻ ശ്രമിച്ച നേതാക്കളെ പിടിച്ചിരുത്തിയാണ് സതീശൻ, ഈ പറയുന്നത് നിങ്ങൾ കൂടി കേൾക്കണമെന്ന് താക്കീതുകൊടുത്ത ശേഷം രൂക്ഷ വിമർശനം ഉയർത്തിയത്. തൃശൂരിലെ കെ. മുരളീധരന്റെ തോൽവിക്കു പിന്നാലെ കലാപവുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഇതിനുശേഷം ആദ്യമായാണ് പ്രതിപക്ഷ നേതാവ് പങ്കെടുത്ത ക്യാന്പ് നടന്നത്.
മുരളീധരന്റെ തോൽവിക്ക് ഉത്തരവാദികളായ നേതാക്കൾക്കെതിരേ നടപടിയുണ്ടാകുമെന്നും സതീശൻ യോഗത്തിൽ വ്യക്തമാക്കി. തുടർന്നു സംസാരിച്ച തൃശൂർ ജില്ലാ പ്രസിഡന്റിന്റെ ചുമതലയുള്ള വി.കെ.ശ്രീകണ്ഠനും എ.പി. അനിൽകുമാറും രൂക്ഷ വിമർശനമാണു നടത്തിയത്. ബ്ലോക്ക്, ജില്ലാ ഭാരവാഹികളിൽ ചിലരും ചർച്ചയ്ക്കിടെ ജില്ലാ നേതാക്കൾക്കെതിരേ പൊട്ടിത്തെറിച്ചെന്നാണു വിവരം.
മൂന്നു നേതാക്കളെയും തലമൊട്ടയടിച്ചു നാടുകടത്തണമെന്നും ചിലർ ആവശ്യപ്പെട്ടു. എന്നാൽ, അനിൽ അക്കരയ്ക്കെതിരേ ആരും കാര്യമായ വിമർശനം ഉന്നയിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ചേലക്കര നിയമസഭാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനു നിർണായകമാണെന്നു ഉദ്ഘാടന പ്രസംഗത്തിൽ സതീശൻ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ജില്ലാ നേതൃത്വത്തിനു വീഴ്ചയുണ്ടായെന്നാണു പാർട്ടി പ്രവർത്തകരും അനുഭാവികളും വിശ്വസിക്കുന്നത്. ഈ തെറ്റിദ്ധാരണ മാറണമെങ്കിൽ ചേലക്കര തിരിച്ചുപിടിക്കണം. അതിനു ജില്ലയിലെ നേതാക്കൾ വിചാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ വീഴ്ചയിൽനിന്നു പാഠമുൾക്കൊള്ളാൻ നേതാക്കളും പ്രവർത്തകരും തയാറാകണമെന്ന് ശ്രീകണ്ഠൻ പറഞ്ഞു. നഷ്ടപ്പെട്ട ഐക്യം വീണ്ടെടുക്കാൻ എല്ലാവരും തയറാകണം. വൈരാഗ്യബുദ്ധിയോടെയുള്ള പ്രവർത്തനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.