പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ; സർക്കാരിന് സുപ്രീംകോടതി നോട്ടീസ്
Monday, August 12, 2024 3:31 PM IST
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു. ഹർജി ഓഗസ്റ്റ് 27ന് വീണ്ടും പരിഗണിക്കും. ഇതിന് മുന്‍പായി മറുപടി സത്യവാംഗ്മൂലം സമർപ്പിക്കണമെന്നാണ് സർക്കാരിന് അയച്ച നോട്ടീസിലെ നിർദേശം.
ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്തവണ പൾസർ സുനി ജാമ്യാപേക്ഷ സമർപ്പിച്ചത്. ജസ്റ്റീസ് അഭയ് ഓകെ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
കേസിലെ രണ്ടാം പ്രതി മാര്ട്ടിന് ആന്റണിക്ക് സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. വിചാരണയുടെ അന്തിമഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് സുനിയുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയത്.
2017 ഫെബ്രുവരിയിലാണ് നടി കൊച്ചിയിൽ കാറിൽ ആക്രമിക്കപ്പെട്ടത്. നടൻ ദിലീപിന് വേണ്ടി ക്വട്ടേഷൻ ഏറ്റെടുക്കുകയായിരുന്നുവെന്നായിരുന്നു സുനിയുടെ മൊഴി. കേസിലെ പ്രതിയായ നടൻ ദിലീപിന് അടക്കം നേരത്തേ ജാമ്യം ലഭിച്ചിരുന്നു.