ഷിരൂര്‍ ദുരന്തം: തിരച്ചില്‍ തുടരാന്‍ പ്രതിസന്ധി, അടിയൊഴുക്ക് വെല്ലുവിളിയാണെന്ന് ഡി.കെ. ശിവകുമാര്‍
Monday, August 12, 2024 3:10 PM IST
ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ അർജുനു വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കാൻ നിലവിൽ പ്രതിസന്ധിയുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.
അപകടം പിടിച്ച സ്ഥലത്താണ് മണ്ണിടിച്ചിലുണ്ടായത്. കാണാതായവരെ കണ്ടെത്താനായി പരമാവധി ശ്രമിച്ചു. ഗംഗാവലി പുഴയിൽ ശക്തമായ ഒഴുക്ക് തുടരുന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി. എന്നാൽ ദൗത്യം അവസാനിപ്പിക്കില്ലെന്നും തുടരുമെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു.
ഞായറാഴ്ച രാവിലത്തെ കണക്ക് പ്രകാരം വെള്ളത്തിന്റെ ഒഴുക്ക് 5.4 നോട്ടിക്കൽ മൈൽ വേഗത്തിലാണ്. ഈ ഒഴുക്കിൽ പുഴയിലിറങ്ങി ഡൈവ് ചെയ്യാനോ ഡ്രഡ്ജ് ചെയ്യാനോ സാധ്യമല്ല. പുഴയിലെ ഒഴുക്കിന്റെ വേഗം കുറയുന്നതിന് അനുസരിച്ച് ആയിരിക്കും തിരച്ചിൽ നടത്തുകയെന്നും അദ്ദേഹം ആവർത്തിച്ചു.