വിലങ്ങാട് ഉരുൾപൊട്ടൽ: വിദഗ്ധ സംഘം ഇന്ന് സ്ഥലം സന്ദർശിക്കും
Monday, August 12, 2024 10:49 AM IST
കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ വിദഗ്ധ സംഘം ഇന്ന് സന്ദർശനം നടത്തും. ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയിൽ കൺസർവേഷനിസ്റ്റ്, ഹസാർഡ് അനലിസ്റ്റ് എന്നിവരടങ്ങുന്ന സംഘമാണ് മേഖലയിൽ പരിശോധന നടത്തുക.
മേഖലയിലെ ഉരുൾപൊട്ടൽ സാധ്യതാ കേന്ദ്രങ്ങൾ പരിശോധിച്ച ശേഷം പുനരധിവാസം സംബന്ധിച്ച റിപ്പോർട്ട് നൽകും. നൂറിലേറെ പ്രഭവ കേന്ദ്രങ്ങളിൽ ഉരുൾപൊട്ടലുണ്ടായതായാണ് വിലയിരുത്തൽ. പ്രദേശം വാസയോഗ്യമാണോ, കൃഷിയോഗ്യമാണോ, പുനരധിവാസം തുടങ്ങിയ കാര്യങ്ങൾ പരിശോധനയ്ക്ക് ശേഷം വ്യക്തമാക്കുമാക്കുമെന്ന് വിദഗ്ധർ അറിയിച്ചു.
അതേസമയം, വിലങ്ങാട് കഴിഞ്ഞ ദിവസം തുടങ്ങിയ ഡ്രോൺ പരിശോധന ഇന്നും തുടരും. വിലങ്ങാട് പല ഇടങ്ങളിലായി നൂറിലധികം ഉരുൾപൊട്ടൽ പ്രഭവ കേന്ദ്രങ്ങൾ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ കണ്ടെത്തിയിരുന്നു. അടിച്ചിപ്പാറ, മഞ്ഞച്ചീളി, മഞ്ഞക്കുന്ന്, പാനോം ഭാഗങ്ങളിലാണ് സർവേ പൂർത്തിയായത്. ശേഷിച്ച സ്ഥലങ്ങളിൽ ഇന്ന് ഡ്രോൺ ഉപയോഗിച്ച് സർവേ നടത്തും.
ഡ്രോൺ സർവേയിൽ നൂറിലധികം പ്രഭവകേന്ദ്രങ്ങളിൽ ഉരുൾപൊട്ടലുണ്ടായതായി കണ്ടെത്തിയിരുന്നു. ഉരുൾപൊട്ടലിൽ വൻ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. 120ഓളം വീടുകൾ തകരുകയും കൃഷികൾ നശിക്കുകയും ചെയ്തു.