മര്യനാട്ട് തിരയിൽപ്പെട്ട് വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളി മരിച്ചു
Monday, August 12, 2024 10:02 AM IST
തിരുവനന്തപുരം: മര്യനാട് തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. വെട്ടുത്തുറ സ്വദേശി അത്തനാസ് (47) ആണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. 12 പേരാണ് വള്ളത്തിലുണ്ടായിരുന്നത്.
അത്തനാസിനൊപ്പം അരുൾദാസ്, ബാബു എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ ആറരോടെയാണ് ഇവർ മത്സ്യബന്ധനത്തിന് പുറപ്പെട്ടത്.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന അത്തനാസിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വള്ളത്തിലുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപ്പെടുകയായിരുന്നു.