നുഴഞ്ഞുകയറ്റം: 11 ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ
Monday, August 12, 2024 3:50 AM IST
ന്യൂഡൽഹി: പശ്ചിമ ബംഗാൾ, ത്രിപുര, മേഘാലയ എന്നിവിടങ്ങളിലെ അതിർത്തികൾ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 11 ബംഗ്ലാദേശ് പൗരന്മാരെ അതിർത്തി രക്ഷാസേന പിടികൂടി. ഇവരെ ചോദ്യം ചെയ്യുകയാണെന്നും നിയമനടപടികൾക്കായി സംസ്ഥാന പോലീസിനു കൈമാറുമെന്നും സേനാ വക്താവ് അറിയിച്ചു.
പശ്ചിമ ബംഗാൾ, ത്രിപുര അതിർത്തികളിൽനിന്ന് രണ്ടുപേരെ വീതവും മേഘാലയ അതിർത്തിയിൽനിന്ന് ഏഴുപേരെയുമാണ് പിടികൂടിയത്.
ആസാം, ത്രിപുര, മിസോറാം, മേഘാലയ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളാണ് ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്നത്. അയൽരാജ്യത്തെ സംഘർഷ സാഹചര്യവും ഇന്ത്യൻ സ്വാതന്ത്ര്യദിനം അടുത്തുവരുന്നതും പരിഗണിച്ച് അതിർത്തിയിൽ ജാഗ്രതയിലാണ്.
അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ആരെയും അനുവദിക്കരുതെന്ന് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.