മുൻ കാമുകന് നേരെ ആസിഡ് ആക്രമണം നടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ
Monday, August 12, 2024 2:57 AM IST
അമരാവതി: മുൻ കാമുകന് നേരെ ആസിഡ് ആക്രമണം നടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ അമരാവതിയിലെ നന്ദലൂരിലാണ് സംഭവം.
തിരുപ്പതി സ്വദേശിനിയായ മുൻ സോഫ്റ്റ്വെയർ എൻജിനീയർ ജയ(44)ആണ് അറസ്റ്റിലായത്. 22കാരന്റെ അമ്മയായ ഇവർ, നന്ദലൂർ മണ്ഡലത്തിലെ അരവപ്പള്ളി ഗ്രാമത്തിൽ നടന്ന വിവാഹ വേദിയിൽ താനറിയാതെ മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ ഒരുങ്ങുകയായിരുന്ന ഷെയ്ഖ് സയ്യിദ് (32) എന്നയാളെ ആക്രമിക്കാനാണ് എത്തിയത്.
10 വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി സയ്യിദ് ഡ്രൈവറായി കുവൈത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഇന്ത്യയിൽ മടങ്ങിയെത്തിയ ഇയാൾ മറ്റൊരു പെൺകുട്ടിയുമായി വിവാഹം കഴിക്കാൻ തീരുമാനിച്ചു.
വിവാഹവേദിയിലെത്തിയ ജയ, സയ്യിദുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് ഇവർ ആസിഡ് ഇയാൾക്കു നേരെ ഒഴിച്ചു. എന്നാൽ സയ്യിദിന്റെ ബന്ധുവിന്റെ ശരീരത്തിലാണ് ഇത് വീണത്. ഇവർക്ക് ഗുരുതര പരിക്കുകളില്ല.
ഇതിനു പ്രതികാരമായി സയ്യിദ് കത്തി ഉപയോഗിച്ച് ജയയെ ആക്രമിച്ച് നിസാരപരിക്ക് ഏൽപ്പിച്ചു. ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.