വയനാടിനെ ചേർത്തുപിടിച്ച് ധനുഷ്; 25 ലക്ഷം രൂപനല്‍കി
Sunday, August 11, 2024 8:28 PM IST
ചെന്നൈ: വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് താങ്ങായി തമിഴ് സൂപ്പര്‍താരം ധനുഷ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം 25 ലക്ഷം രൂപ സംഭാവന നൽകി.
നടനും സംവിധായകനുമായ സുബ്രഹ്മണ്യം ശിവയാണ് ഇക്കാര്യം സോഷ്യൽ മീഡിയായിലൂടെ അറിയിച്ചത്. ധനുഷ് അഭിനയിച്ച് സംവിധാനം ചെയ്ത രായന് എന്ന ചിത്രമാണ് അവസാനം ഇറങ്ങിയത്. ചിത്രം ബോക്സോഫീസില്‍ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്.
ഇതിനകം ചിത്രം ആഗോള കളക്ഷനില്‍ 150 കോടിക്ക് അടുത്ത് എത്തിയിട്ടുണ്ട്. 70 കോടിക്ക് മുകളില്‍ ഇന്ത്യയില്‍ കളക്ഷന്‍ നേടിയിട്ടുണ്ട്. ധനുഷിനു പുറമെ തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ, ചിരഞ്ജീവി, രാം ചരൺ തുടങ്ങിയവരും വയനാടിനായി സാമ്പത്തിക സഹായം നൽകിയിരുന്നു.