നവജാതശിശുവിനെ കുഴിച്ചു മൂടിയ സംഭവം; മൃതദേഹം പുറത്തെടുത്തു
Sunday, August 11, 2024 4:38 PM IST
ആലപ്പുഴ: യുവതിയും ആൺസുഹൃത്തുക്കളും ചേർന്ന് നവജാതശിശുവിനെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ നിർണായക നീക്കവുമായി പോലീസ്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പൂച്ചാക്കല്‍ സ്വദേശിയായ യുവതി വീട്ടില്‍വച്ച് കുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച ചില ശാരീരിക ബുദ്ധിമുട്ടുകളുമായി ഇവര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ആശുപത്രി അധികൃതര്‍ കുഞ്ഞിന്റെ കാര്യം തിരക്കിയപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞതോടെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം യുവതി ആണ്‍സുഹൃത്തിനെ ഏല്പിച്ചശേഷം ഇവർ തകഴി റെയില്‍വേ സ്റ്റേഷനു സമീപം സംസ്കരിക്കുകയായിരുന്നു.
എന്നാൽ യുവതിയും സുഹൃത്തുക്കളും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ എന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.