മണിപ്പൂരിൽ മുൻ എംഎൽഎയുടെ വീട്ടിൽ സ്ഫോടനം; ഭാര്യ കൊല്ലപ്പെട്ടു
Sunday, August 11, 2024 1:10 PM IST
ഇംഫാൽ: മണിപ്പുരിലെ കാംഗ്പോപി ജില്ലയിൽ ബോംബ് സ്ഫോടനത്തിൽ മുൻ എംഎൽഎയുടെ ഭാര്യ കൊല്ലപ്പെട്ടു. സൈകുൽ മുൻ എംഎൽഎ യാംതോംഗ് ഹാക്കിപ്പിന്റെ ഭാര്യ സപം ചാരുബാലയാണ് മരിച്ചത്. ഇവരുടെ വീട്ടിലാണ് ബോംബ് സ്ഫോടനം ഉണ്ടായത്. ഈസമയം, ഹാക്കിപ്പ് വീട്ടിലുണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു.
സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ചാരുബാലയെ സൈകുലിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മെയ്തെയ് സമുദായാംഗമായ ചാരുബാല കുക്കി-സോമി ആധിപത്യമുള്ള കാംഗ്പോക്പി ജില്ലയിലെ എകൗ മുലാമിലാണ് താമസിച്ചിരുന്നത്.
വീട്ടിലെ മാലിന്യങ്ങൾക്കിടയിൽ തദ്ദേശീയമായി നിർമിച്ച ഐഇഡി സ്ഥാപിച്ചിരുന്നുവെന്നും ചാരുബാല മാലിന്യം കത്തിച്ചപ്പോൾ അത് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. മറ്റാർക്കും പരിക്കുകളില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
64 കാരനായ യാംതോംഗ് ഹാക്കിപ് സൈകുലിൽ നിന്ന് രണ്ട് തവണ എംഎൽഎയായി വിജയിച്ചിട്ടുണ്ട്. 2012ലും 2017ലും കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചു മത്സരിച്ച അദ്ദേഹം 2022ലെ നിയമസഭാ തിര ഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലേക്ക് ചേക്കേറിയിരുന്നു.