വെട്ടുകത്തി ജോയി കൊലക്കേസ്: അഞ്ചുപേര്‍ അറസ്റ്റില്‍
Sunday, August 11, 2024 9:06 AM IST
തിരുവനന്തപുരം: ശ്രീകാര്യത്ത് വെട്ടേറ്റ് കൊലക്കേസ് പ്രതി മരിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രാജേഷ്, ഉണ്ണികൃഷ്ണന്, വിനോദ്, നന്ദു ലാല്‍ എന്നിവരും ഗൂഢാലോചന നടത്തിയ സജീറുമാണ് പിടിയിലായത്.
സംഭവത്തില്‍ സജീറിന്റെ ബന്ധുവായ അന്‍വറിനെ പോലീസ് തിരയുന്നു. കുറ്റിയാണി സ്വദേശി ജോയി( വെട്ടുകത്തി ജോയി) ആണ് മരിച്ചത്. സജീറും ബന്ധുവായ അന്‍വറും ജോയിയുമായി നേരത്തെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഈ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറയുന്നു.
വെള്ളിയാഴ്ച രാത്രി ഒന്പതിനു ശ്രീകാര്യം പൗഡികോണത്താണ് സംഭവം. കാപ്പ കേസില്‍ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയ ജോയിയെ കാറിലെത്തിയ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ് അര മണിക്കൂറിലധികം റോഡില്‍ രക്തത്തില്‍ കുളിച്ചുകിടന്ന ജോയിയെ ഒടുവില്‍ പോലീസ് ജീപ്പിലാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്. രണ്ടുകാലിലും ഗുരുതരമായി പരിക്കേറ്റ ജോയി ശനിയാഴ്ചയോടെ മരണപ്പെടുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് ഷാഡോ പോലീസ് പ്രതികളെ പിടികൂടിയത്. പ്രതികളെ ശ്രീകാര്യം പോലീസിന് കെെമാറി. ഇവരെ ചോദ്യം ചെയ്തുവരികയാണ്.