ആലപ്പുഴയില്‍ വീട്ടമ്മയുടെ മരണം; തുമ്പച്ചെടി തോരന്‍ കഴിച്ചല്ലെന്ന് പോലീസ്
Sunday, August 11, 2024 8:37 AM IST
ആലപ്പുഴ: ചേര്‍ത്തല എക്സ്റേ ജംഗ്ഷന് സമീപം താമസിക്കുന്ന വീട്ടമ്മയുടെ മരണം തുമ്പച്ചെടി കൊണ്ടുള്ള തോരന്‍ കഴിച്ചല്ലെന്ന് പോലീസ്. യുവതിക്ക് മറ്റു ചില ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. അതാകാം മരണകാരണമെന്ന് ചേര്‍ത്തല പോലീസ് പറയുന്നു. പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക വിവരത്തില്‍ നിന്നാണ് പോലീസിന്റെ നിഗമനം.
അതേസമയം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധന ഫലവും വന്നശേഷം കൂടുതല്‍ സ്ഥിരീകരണം ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു. ചേര്‍ത്തല ദേവീനിവാസില്‍ ഇന്ദു(42) ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞദിവസം ചികിത്സയിലിരിക്കെ മരിച്ചത്.
വ്യാഴാഴ്ച രാത്രി ഇന്ദുവും കുടുംബവും തുമ്പച്ചെടി കൊണ്ടുള്ള തോരന്‍ കഴിച്ചിരുന്നു. പിന്നാലെ, ഇന്ദുവിന് ദേഹാസ്വാസ്ഥ്യമുണ്ടായി. ആദ്യം ചേര്‍ത്തലയിലെയും പിന്നീട് കൊച്ചിയിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഇന്ദുവിനെ കൂടാതെ തുമ്പപ്പൂ തോരന്‍ കഴിച്ച പിതാവ് ജയാനന്ദനും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതായി ബന്ധുക്കള്‍ പറഞ്ഞു.
ഇന്ദുവിന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. കഴിഞ്ഞ മേയ് മാസത്തില്‍ അരളി പൂവ് കഴിച്ചതിന് പിന്നാലെ ഹരിപ്പാട് യുവതി മരിച്ചിരുന്നു. രാസപരിശോധന ഫലം ലഭിക്കാത്തതിനാല്‍ മരണകാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.