തുമ്പച്ചെടി തോരൻ കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം, യുവതി മരിച്ചു
Saturday, August 10, 2024 10:59 PM IST
ചേർത്തല: തുമ്പച്ചെടി തോരൻ കഴിച്ചതിനു പിന്നാലെ യുവതി മരിച്ചു. ചേർത്തല ദേവീനിവാസിൽ ഇന്ദു(42) ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചത്.
സംഭവത്തിൽ അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി ഇന്ദുവും കുടുംബവും തുമ്പച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചിരുന്നു. പിന്നാലെ, ഇന്ദുവിന് ദേഹാസ്വാസ്ഥ്യമുണ്ടായി. ആദ്യം ചേർത്തലയിലെയും പിന്നീട് കൊച്ചിയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
തുമ്പച്ചെടി തോരൻ കഴിച്ചതു കൊണ്ടാണ് മരണം സംഭവിച്ചതെന്ന സംശയം കുടുംബം പോലീസിനോട് പങ്കുവച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസപരിശോധനാ ഫലവും ലഭിച്ചാലേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.
ഇന്ദുവിന് പ്രമേഹമുണ്ടായിരുന്നു. പ്രമേഹം, ഹൃദ്രോഹം, കിഡ്നി തകരാർ തുടങ്ങിയവ ഉള്ളവർ തുമ്പ കഴിക്കുന്നത് ദോഷകരമാകാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.