സൈബർ തട്ടിപ്പുകാരല്ലാതെ "വെർച്വൽ അറസ്റ്റ്' എന്ന പേരിൽ ആരും ഭീഷണിപ്പെടുത്തില്ലെന്ന് പോലീസ്
Saturday, August 10, 2024 7:05 PM IST
തിരുവനന്തപുരം: സൈബർ തട്ടിപ്പുകാരല്ലാതെ ഇന്ത്യയിൽ ഒരു അന്വേഷണ ഏജൻസിയും "വെർച്വൽ അറസ്റ്റ്' എന്ന പേരിൽ വിഡിയോ കോളിൽ ഭീഷണിപ്പെടുത്തില്ലെന്ന് പോലീസ്. ഓൺലൈൻ പണ തട്ടിപ്പ് വ്യാപകമാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് മുന്നറിയിപ്പ്.
സിബിഐ അടക്കം മിക്ക ഏജൻസികളും ഇക്കാര്യത്തിൽ പലതവണ മുന്നറിയിപ്പു നൽകിയതാണ്. സിബിഐ, കസ്റ്റംസ്, പോലീസ് തുടങ്ങിയവയിലൊന്നു ചമഞ്ഞാണ് പലരെയും വിളിച്ച് തട്ടിപ്പ് സംഘം വൻതുക തട്ടുന്നത്.
കംബോഡിയ കേന്ദ്രീകരിച്ചാണു തട്ടിപ്പുകളേറെയും. ഇല്ലാത്ത പാഴ്സലിന്റെ പേരിലുള്ള തട്ടിപ്പാണ് ഇതിൽ ഏറിയ പങ്കും. പേരുകേട്ട കൊറിയർ കമ്പനികളുടെ പേരിലൊരു ഓട്ടമേറ്റഡ് കോൾ ആണ് ആദ്യം ലഭിക്കുക. ലഹരിമരുന്ന്, വ്യാജ പാസ്പോർട്ട്, വ്യാജ സിം കാർഡ് അടക്കമുള്ളവ നിങ്ങളുടെ പേരിൽ കൊറിയർ ആയി എത്തിയിട്ടുണ്ടെന്നു പറഞ്ഞാണു വിളിയെത്തുക.
തുടർന്ന് കോൾ സൈബർ സെല്ലിലേക്കോ കസ്റ്റംസിലേക്കോ കൈമാറുമെന്നു പറയും. വിഡിയോ കോൾ ആപ് വഴി വിളിക്കുന്ന സംഘം ഇരയെ ഡിജിറ്റൽ അറസ്റ്റിനു വിധേയമാക്കിയെന്നും അവകാശ പ്പെടും. വിളിക്കുന്നവർ പോലീസ് അല്ലെങ്കിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വേഷത്തിലായിരിക്കും.
വ്യാജ ഐഡി ഉപയോഗിച്ച് എടുത്തതിനാൽ മൊബൈൽ കണക്ഷൻ രണ്ട് മണിക്കൂറിൽ റദ്ദാകുമെന്നു പറഞ്ഞെത്തുന്ന കോളുകളും സമാനരീതിയാണ് ഉപയോഗിക്കുന്നത്. ബാങ്കിൽ വ്യാജ കള്ളപ്പണ അക്കൗണ്ട് ഉണ്ടെന്ന പേരിൽ ബ്ലാക്മെയിൽ ചെയ്യുന്ന രീതിയുമുണ്ട്.