റബര്‍ വില 250 കടന്ന് സര്‍വകാല റിക്കാര്‍ഡില്‍
Saturday, August 10, 2024 12:25 PM IST
കോട്ടയം: റബര്‍ വില 250 രൂപ കടന്ന് സര്‍വകാല റിക്കാര്‍ഡിലേക്ക്. വെള്ളിയാഴ്ച ആഭ്യന്തര മാര്‍ക്കറ്റില്‍ ആര്‍എസ്എസ് നാലിനു കിലോയ്ക്ക് 255 രൂപ നിരക്കില്‍ വ്യാപാരം നടന്നു.
കഴിഞ്ഞ ജൂണ്‍ പത്തിനാണ് റബര്‍ വില 200 രൂപ കടന്നത്. വെള്ളിയാഴ്ച കോട്ടയം, കൊച്ചി മാര്‍ക്കറ്റില്‍ റബര്‍ ബോര്‍ഡ് വില 247 രൂപയായിരുന്നു.
അഗര്‍ത്തല മാര്‍ക്കറ്റ് വില 237 രൂ പയായി ഉയര്‍ന്നു. ഇതിന് മുന്‍പ് ഏറ്റവും ഉയര്‍ന്ന വിലയായ 243 രൂപ രേഖപ്പെടുത്തിയത് 2011 ഏപ്രില്‍ അഞ്ചിനാണ്. അന്ന് രാജ്യാന്തര വില 292.97 രൂപയായിരുന്നു.
2016 ഫെബ്രുവരിയില്‍ 91 രൂപയായി കുറഞ്ഞതാണ് 13 വര്‍ഷത്തിനിടയിലെ എറ്റവും താഴ്ന്ന വില. അതേസമയം, രാജ്യാന്തര വിലയില്‍ ഇപ്പോള്‍ വലിയ വര്‍ധന പ്രകടമാകുന്നില്ല.
കഴിഞ്ഞ ദിവസം ആര്‍എസ്എസ് നാലിനു 204.63 രൂപയായിരുന്ന വില 203.94 രൂപ യായി കുറഞ്ഞു. ആഭ്യന്തര മാര്‍ക്കറ്റില്‍ റബര്‍ വരവ് കുറഞ്ഞ തോടെ കമ്പനികള്‍ വിപണിയില്‍ നിന്ന് പരമാവധി ചരക്ക് ശേഖരിക്കുകയാണ്. ലാറ്റക്സ് വില 245 രൂപയില്‍ എത്തിയിട്ടുണ്ട്.
വിദേശത്തും ആഭ്യന്തര വിപണിയിലും റബറിന് കടുത്ത ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ റബര്‍ ബോര്‍ഡും റിക്കാര്‍ഡ് വില പ്രഖ്യാപനം നടത്തി. നാലു രൂപയുടെ വര്‍ധനയാണ് റബര്‍ ബോര്‍ഡ് രേഖപ്പെടുത്തിയത്.
ഇന്നു മുതല്‍ മഴ വീണ്ടും ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാപ്രവചനം. വെള്ളിയാഴ്ച മുന്‍നിര ചെരിപ്പുനിര്‍മാണ കമ്പനി കോട്ടയം മാര്‍ക്കറ്റില്‍ 255 രൂപയ്ക്ക് ഷീറ്റ് വാങ്ങാന്‍ തയാറായി. ഒരു ടയര്‍ കമ്പനി 253 രൂപയ്ക്ക് ഷീറ്റ് വാങ്ങി.
ഈ സാഹചര്യത്തില്‍ ഇന്നും വില ഉയരാണ് സാധ്യത. ലാറ്റക്സ് വിലയില്‍ ദിവസേന വ്യതിയാനമുണ്ടെങ്കിലും 135-140 രൂപ നിരക്കില്‍ വിലയുണ്ട്. നന്നായി ഉണങ്ങിയ ഒട്ടുപാലിന് ഇന്നലെ ക്രംബ് ഫാക്ടറികള്‍ 170 വരെ വില നല്കി.
ടയര്‍ കമ്പനികളില്‍നിന്നു ലഭിക്കുന്ന ഓര്‍ഡറിന്റെ തോതില്‍ ക്രംബ് നല്കാന് ക്രംബ് ഫാക്ടറികള്‍ക്ക് സാധിക്കുന്നില്ല. ഒട്ടുപാല് ക്ഷാമം പരിഹരിക്കാന്‍ ഏതാനും ക്രംബ് ഫാക്ടറികള്‍ കപ്പ് ലംബ് (ചണ്ടിപ്പാല്) സംഭരിച്ച് സംസ്കരിക്കുന്നുണ്ട്.
അതേസമയം ഏതാനും ടയര്‍ കമ്പനികള്‍ രണ്ടു ദിവസമായി മാര്‍ക്കറ്റ് വിട്ടുവിട്ടുനില്ക്കുന്ന സാഹചര്യവുമുണ്ട്. വിദേശത്ത് ക്രംബ് വില 160 രൂപയില്‍ താഴെയാണെന്നിരിക്കെ തിരുവ അടച്ച് ഇറക്കുമതി നടത്താനുള്ള നീക്കം തുടരുകയാണ്.
സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ രണ്ടു ലക്ഷം ടണ്‍ ക്രംബ് തായ്ലാന്ഡ്, ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ നീക്കം നടത്തുന്നു. ഇത്തരത്തില്‍ ചരക്കുമായി കപ്പലുകള്‍ എത്തിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്.
അതേസമയം കേരളത്തില്‍ മഴ ഒക്ടോബര്‍ വരെ ശക്തമായി തുടര്‍ന്നാല്‍ ഇക്കൊല്ലം റബര്‍ ഉത്പാദനം മുന്‍വര്‍ഷത്തെക്കാള്‍ കുറയും. ജൂണിലും ജൂലൈയിലും പതിനായിരം ടണ്ണില്‍ താഴെയാണ് കേരളത്തിലെ റബര്‍ ഉത്പാദനം. ടാപ്പിംഗ് നടത്തുന്ന 45 ശതമാനം തോട്ടങ്ങളിലും ലാറ്റക്സ് വില്‍ക്കുന്ന സാഹചര്യവുമുണ്ട്.