പ്രധാനമന്ത്രി കണ്ണൂരിലെത്തി; മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിച്ചു
Saturday, August 10, 2024 11:11 AM IST
കണ്ണൂർ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട് സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ണൂരിലെത്തി. വിമാനത്താവളത്തിലെത്തിയ അദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിച്ചു.
കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കൊപ്പം കണ്ണൂരിലെത്തിയ പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ കൽപ്പറ്റയിലേക്ക് തിരിച്ചു. ഉച്ചയ്ക്ക് 12.10 വരെ ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തുന്ന പ്രധാനമന്ത്രി ദുരിതാശ്വാസക്യാമ്പിലും ആശുപത്രിയിലും കഴിയുന്നവരെ നേരിൽ കാണും.
ബെയ്ലി പാലം സന്ദർശിക്കുന്ന നരേന്ദ്ര മോദി വിവിധ രക്ഷാസേനകളെ അഭിനന്ദിക്കും. തുടര്‍ന്ന് വയനാട് കളക്ടറേറ്റില്‍ എത്തുന്ന അദ്ദേഹം അവലോകനയോഗത്തില്‍ പങ്കെടുക്കും. ദുരിതബാധിതരുടെ പുനരധിവാസത്തിനു 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് കേരളം ആവശ്യപ്പെടും.
കെ.കെ. ശൈലജ എംഎൽഎ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഡിജിപി ഷേഖ് ദർവേശ് സാഹിബ്, ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ, എ. പി. അബ്ദുള്ളക്കുട്ടി, സി.കെ.പത്മനാഭൻ തുടങ്ങിയവരും പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയിരുന്നു.