സൂചിപ്പാറയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്തു
Saturday, August 10, 2024 10:09 AM IST
വയനാട്: ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ സൂചിപ്പാറ-കാന്തന്‍പാറ വെള്ളച്ചാട്ടം ചേരുന്ന സ്ഥലത്ത് വെള്ളിയാഴ്ച കണ്ടെത്തിയ മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്തു.സൈന്യത്തിന്റെ സഹായത്തോടെയായിരുന്നു മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്തത്. മൃതദേഹങ്ങൾ ഹെലികോപ്റ്ററിൽ ബത്തേരിയിൽ എത്തിച്ചു.
ചൂരൽമലയിൽനിന്ന് ആറു കിലോമീറ്ററോളം അകലെ സൂചിപ്പാറയ്ക്കും കാന്തൻപാറയ്ക്കും ഇടയിലുള്ള ആനടികാപ്പിൽ വെള്ളിയാഴ്ച രാവിലെ 9.45ഓടെയാണ് നാല് മൃതദേഹങ്ങളും ഒരു ശരീരഭാഗവും കണ്ടെത്തിയത്. സന്നദ്ധപ്രവര്‍ത്തകരും രക്ഷാദൗത്യസംഘവും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. എന്നാൽ പിപിഇ കിറ്റ് അടക്കം എത്തിക്കാതിരുന്നതിനാൽ മൃതദേഹം പുറത്തേക്ക് എത്തിക്കാൻ വൈകുകയായിരുന്നു.
വെള്ളിയാഴ്ച 11ന് ഹെലികോപ്റ്റർ എത്തിയെങ്കിലും മൂന്നു കവറുകളും കൈയുറകളും മാത്രം നൽകി മൃതദേഹങ്ങൾ പൊതിഞ്ഞുകെട്ടാൻ സന്നദ്ധപ്രവർത്തകരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, അഴുകിയ നിലയിലുള്ള മൃതദേഹങ്ങൾ ഇത്തരത്തിൽ എളുപ്പത്തിൽ പൊതിഞ്ഞുകെട്ടാൻ ആകില്ലെന്നും പിപിഇ കിറ്റ് വേണമെന്നും ഇവർ അറിയിച്ചു. പിന്നീട് 4.30ഓടെ ഹെലികോപ്ടർ വീണ്ടുമെത്തി.
പിപിഇ കിറ്റിന്റെ കാര്യം പറഞ്ഞപ്പോൾ സന്നദ്ധപ്രവർത്തകരെ ഹെലികോപ്റ്ററിൽ കയറ്റി സുൽത്താൻ ബത്തേരിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെനിന്ന് അധികൃതർ ഏർപ്പാടാക്കിയ വാഹനത്തിലാണ് സന്നദ്ധപ്രവർത്തകർ മേപ്പാടിയിലേക്ക് തിരിച്ചുവന്നത്. അതേസമയം, ദുർഘടമായ സ്ഥലമായതിനാലാണ് മൃതദേഹങ്ങൾ കൊണ്ടുവരാൻ വൈകിയതെന്നാണ് അധികൃതരുടെ വിശദീകരണം