കണ്ണൂരില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു
Saturday, August 10, 2024 9:46 AM IST
കണ്ണൂർ: പാലക്കോട് അഴിമുഖത്ത് രൂപപ്പെട്ട മണൽത്തിട്ടയിലിടിച്ച് ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പാലക്കോട് സ്വദേശി കെ.എ. നാസറാണ് (55) മരിച്ചത്.
മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ. ഇന്നുരാവിലെ ആറോടെ പാലക്കോട് അഴിമുഖത്താണ് സംഭവം. കടലിൽ മത്സ്യം പിടിക്കുന്ന ഫൈബറിൽ നിന്ന് മത്സ്യം ഹാർബറിലെത്തിക്കാനായി ചെറിയ ഫൈബർ വള്ളത്തിൽ മൂന്നു പേർക്കൊപ്പം പോകുന്നതിനിടയിലായിരുന്നു അപകടം.
സമീപകാലത്തായി രൂപം കൊണ്ട മണൽത്തിട്ടയിലിടിച്ചതോടെയാണ് ഇവർ സഞ്ചരിച്ചിരുന്ന ഓടം മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ നാസറിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂടെയുണ്ടായിരുന്ന രണ്ടുപേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗൾഫിൽ ജോലി ചെയ്തിരുന്ന നാസർ ഒരു വർഷത്തോളം മുമ്പ് തിരിച്ചെത്തിയ ശേഷം കടലിലെ മത്സ്യബന്ധനത്തിലേക്ക് തിരിയുകയായിരുന്നു.
അപകടവിവരമറിഞ്ഞ് കടലിൽ പോയിരുന്ന മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി നാസറിന്റെ ദാരുണാന്ത്യത്തിൽ അനുശോചിച്ച് ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. പാലക്കോട്ടെ മുഹമ്മദ് -നഫീസ ദമ്പതികളുടെ മകനാണ്. ര്യ: മൻസൂറ. മകൾ: മസ്ന. സഹോദരങ്ങൾ: അബ്ദുള്ള, ബഷീർ, ഇസ്മായിൽ, ഫൗസിയ.