പാലക്കാട് ബസ് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറി അപകടം: ഏഴ് പേര്‍ക്ക് പരിക്ക്
Saturday, August 10, 2024 3:14 AM IST
കൂറ്റനാട്: പാലക്കാട് കൂറ്റനാട് ചാലിശ്ശേരി റോഡില്‍ വലിയ പള്ളിക്ക് സമീപം ബസ് ഓട്ടോറിക്ഷയിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തില്‍ ഓട്ടോ യാത്രക്കാരായ ഏഴ് പേര്‍ക്ക് പരിക്ക്. കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന യാത്രാ ബസ് അതേ ദിശയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. നിലവില്‍ വലിയ പള്ളിക്ക് സമീപം റോഡ് നവീകരണ ജോലികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഒരു ദിശയില്‍ കൂടെ മാത്രമാണ് ഗതാഗതം. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ഒരു ലൈനില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്കാണ് പുറകില്‍ നിന്നും ലൈന്‍ തെറ്റിച്ചെത്തിയ ബസ് ഇടിച്ച് കയറിയത്.
അപകടത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെയുള്ള ഓട്ടോ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍പെട്ടവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് കുട്ടികളുടെ പരിക്ക് ഗുരുതരമാണ്.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ മുന്നിലെ കാറിലേക്കും ഇടിച്ച് കയറി. കാറിന്റെ പിന്‍വശം തകര്‍ന്നെങ്കിലും കാര്‍യാത്രക്കാര്‍ക്ക് പരിക്കില്ല.