ഗുസ്തിയിൽ അമന് വെങ്കലം; ഇന്ത്യയ്ക്ക് ആറു മെഡൽ
Friday, August 9, 2024 11:24 PM IST
പാരീസ്: ഒളിന്പിക്സ് പുരുഷ വിഭാഗം 57 കിലോഗ്രാം ഗുസ്തിയിൽ ഇന്ത്യയുടെ അമൻ സെഹ്റാവത്തിന് വെങ്കലം. പോർട്ടറിക്കോയുടെ ഡാരിയൻ ക്രൂസിനെ തകർത്താണ് ഈ ഇരുപത്തിയൊന്നുകാരൻ മെഡൽ നേടിയത്. ഇന്ത്യയുടെ ആറാം മെഡലാണിത്.
ഡാരിയൻ ക്രൂസിനെ 13-5 നാണ് ഇന്ത്യൻ താരം കീഴടക്കിയത്. ആദ്യ നീക്കങ്ങളിൽ പോർട്ടറിക്കോ താരം മുന്നിലെത്തിയെങ്കിലും അമൻ ശക്തമായി തിരിച്ചുവരികയായിരുന്നു.
പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും തകർപ്പൻ വിജയങ്ങളോടെ മുന്നേറിയ അമൻ ജപ്പാന്റെ റെയ് ഹിഗൂച്ചിയോടു സെമി ഫൈനലിൽ പരാജയപ്പെട്ടിരുന്നു. പാരീസ് ഒളിമ്പിക്സില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്.