വനിതാ ഹോസ്റ്റലിലെ നുഴഞ്ഞുകയറ്റം: പതിനേഴുകാരൻ പിടിയിൽ
Friday, August 9, 2024 6:58 PM IST
കായംകുളം: കോളജ് വനിതാ ഹോസ്റ്റലിൽ പെൺകുട്ടികളുടെ ഉറക്കം കെടുത്തിയ നുഴഞ്ഞുകയറ്റക്കാരനെ ഒടുവിൽ പോലീസ് പിടികൂടി. കായംകുളം എംഎസ്എം കോളജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ കഴിഞ്ഞ കുറെ ദിവസമായി ശല്യം ചെയ്തുവന്ന അജ്ഞാതനെയാണ് കണ്ടെത്തിയത്. കായംകുളം സ്വദേശിയായ പതിനേഴുകാരനെയാണ് കൊല്ലത്ത് നിന്ന് പോലീസ് പിടികൂടിയത്.
സമീപത്തെ മരത്തിലൂടെയാണ് ഹോസ്റ്റലിൽ കയറിയിരുന്നതെന്ന് കൗമാരക്കാരൻ പോലീസിന് മൊഴി നൽകി. ഇവിടെ എൺപതോളം പെൺകുട്ടികളാണ് താമസിക്കുന്നത്. കഴിഞ്ഞാഴ്ച ഹോസ്റ്റലിലെ ശൗചാലയത്തിൽ അപരിചതനായ ഒരാൾ നിൽക്കുന്നത് കുട്ടികൾ കണ്ടു.
പെൺകുട്ടികളുടെ റൂമിലും ഇയാൾ കയറി. ഇതിന്റെ സിസിടിവി ദ്യശ്യങ്ങളും കുട്ടികൾ പോലീസിന് കൈമാറിയിരുന്നു. ഹോസ്റ്റലിനുള്ളിലേക്ക് വലിഞ്ഞുകയറിയതിന്റെ കാൽപാടുകളും കുട്ടികൾ അധികൃതർക്ക് കാണിച്ചു കൊടുത്തിരുന്നു.
ഒരാഴ്ചക്കിടെ നാലു തവണയാണ് ഹോസ്റ്റലിൽ ശല്യമുണ്ടായത്. സംഭവത്തിൽ വിദ്യാർഥി സംഘടനകളുടെ അടക്കം വലിയ പ്രതിഷേധം ഉണ്ടായി. രാത്രിയിൽ കെട്ടിടത്തിലൂടെ ഒരാൾ നടക്കുന്നതിന്റെ കാൽപെരുമാറ്റം കേൾക്കാമെന്നാണ് കുട്ടികൾ പറഞ്ഞത്.
ഹോസ്റ്റലിൽ ഓരോ മുറിയിലും ശൗചാലയം ഇല്ല. മുറിക്ക് പുറത്തിറങ്ങി വേണം ശൗചാലയങ്ങളിലേക്ക് പോകാൻ. ഒരാഴ്ചയായി അജ്ഞാതൻ കാണാമറയത്തായിരുന്നു. പിടിയിലായ പതിനേഴുകാരനെ ഇന്ന് ആലപ്പുഴ ജുവൈനൽ കോടതി മുമ്പാകെ ഹാജരാക്കി.