ജയാ ബച്ചനും ജഗദീപ് ധന്‍കറും തമ്മിൽ തർക്കം; രാജ്യസഭ പിരിഞ്ഞു
Friday, August 9, 2024 5:11 PM IST
ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനെതിരെ പ്രതിപക്ഷം അവിശ്വാസത്തിന് നോട്ടീസ് നൽകാൻ നീക്കം നടത്തുന്നതിനിടെ രാജ്യസഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു. ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കിയാണ് സഭ പിരിഞ്ഞത്.
സഭയിൽ സംസാരിക്കാൻ ക്ഷണിക്കുന്നതിനിടെ ഉപരാഷ്ട്രപതി ജയാ ബച്ചനെ "ജയാ അമിതാഭ് ബച്ചൻ' എന്ന് വിശേഷിപ്പിച്ചത് വ്യാപക പ്രതിഷേധത്തിനിടയാക്കി. ചെയര്‍മാന്റെ ശരീരഭാഷ ശരിയല്ലെന്ന ജയ പറഞ്ഞതോടെ ഉപരാഷ്ട്രപതിയും രംഗത്തെത്തി.
സെലിബ്രിറ്റിയായതുകൊണ്ട് ജയ വായില്‍ തോന്നിയത് പറയരുതെന്നും മര്യാദകെട്ട പരാമര്‍ശം അസഹനീയമാണെന്നും ധന്‍കര്‍ പറഞ്ഞു. ജഗദീപ് ധൻകർ സ്വീകാര്യമല്ലാത്ത സ്വരത്തിൽ സംസാരിച്ചുവെന്നാണ് ജയാ ബച്ചന്റെ ആരോപണം.
തുടർന്ന് പ്രതിപക്ഷ എംപിമാർ സഭയിൽ നിന്നും ഇറങ്ങിപ്പോയി. രാജ്യസഭ ചെയർമാൻ ജഗദീപ് ധൻകറിനെതിരെ ഇമ്പീച്ച്മെന്റ് പ്രമേയം കൊണ്ടുവരാൻ നീക്കം നടത്തുന്നതിനിടെ സഭ അനിശ്ചിത കാലത്തേക്കു പിരിയുകയായിരുന്നു.