ഉരുൾപൊട്ടലും മണ്ണിടിച്ചിലും മാത്രമല്ല: കേരളം മൊത്തം അപകടകരമായ സോണിലെന്ന് വി.ഡി. സതീശൻ
Friday, August 9, 2024 2:41 PM IST
കൽപറ്റ: കാലാവസ്ഥാ വ്യതിയാനം മൂലം അപകടകരമായ സ്ഥിതിയിലാണ് കേരളമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഉരുൾപൊട്ടലോ മണ്ണിടിച്ചിലോ മാത്രമല്ല, നിരവധി പാരിസ്ഥിതിക പ്രശ്നങ്ങളാണ് കേരളത്തിലുള്ളത്. കേരളം മൊത്തം അപകടകരമായ സോണിലാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ സന്ദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശൻ.
ഏത് വലിയ വികസനപദ്ധതി വന്നാലും കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടം മനസിലാക്കി നയരൂപീകരണം നടത്തണം. ഈ ഒറ്റ കാര്യത്തിലാണ് കെ-റെയിലിനെ എതിർത്തതെന്നും പാരിസ്ഥിതികാഘാത പഠനം പോലും നടത്താതെ അത്തരം പദ്ധതികളിലേക്ക് പോകാൻ കഴിയുന്ന സ്ഥിതിയിലല്ല കേരളമെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം സർക്കാർ കാണാതെ പോകുന്നുവെന്നും അത് പാടില്ലെന്നും വയനാട് ദുരന്തം ഉണ്ടാകുന്നതിന് രണ്ടാഴ്ച മുൻപ് പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞിരുന്നു. എന്നാൽ സർക്കാർ ഇതിനോടെല്ലാം സഹകരിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷയെന്നും സതീശൻ വ്യക്തമാക്കി.