വയനാട്ടിലേത് ഭൂചലനമല്ലെന്ന് സ്ഥിരീകരണം; പരിശോധന തുടരുന്നു
Friday, August 9, 2024 1:17 PM IST
വയനാട്: വയനാടിലെ വിവിധ മേഖലകളിൽ ഭൂമിക്കടിയില്‍നിന്ന് വലിയ മുഴക്കവും പ്രകമ്പനവും കേട്ട സംഭവം ഭൂചലനമല്ലെന്ന് സ്ഥിരീകരിച്ച് നാഷണല്‍ സീസ്മോളജി സെന്റര്‍. ഭൂകമ്പ മാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. മറ്റെന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് വരികയാണെന്നും സീസ്മോളജി സെന്റര്‍ അറിയിച്ചു.
വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലുള്ള സ്ഥലങ്ങളിലാണ് ഭൂമിക്കടിയില്‍നിന്ന് അസാധാരണ ശബ്ദം കേട്ടത്. രാവിലെ 11ഓടെയാണ് പ്രകമ്പനമുണ്ടായതെന്ന് പ്രദേശവാസികള്‍ പറയുന്നു.
വൈത്തിരി പഞ്ചായത്തിലെ ചെന്നായ്കവല, സുഗന്ധിഗിരി പ്രദേശങ്ങളിലും പൊഴുതന പഞ്ചായത്തിലെ സേട്ടുകുന്ന്, അച്ചൂര്, മേല്‍മുറി ഭാഗങ്ങളിലും പ്രകന്പനമുണ്ടായി.
നെന്മേനി വില്ലേജിലെ പടിപറമ്പ്, അമ്പുകൊത്തി, അമ്പലവയല്‍ പ്രദേശങ്ങളിലും മുഴക്കം അനുഭവപ്പെട്ടു. മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളാണ് ഇതില്‍ ഭൂരിഭാഗവും. ഇതോടെ മുന്‍കരുതലിന്റെ ഭാഗമായി അമ്പലവയല്‍ എടയ്ക്കല്‍ ജിഎല്‍പി സ്കൂളിന് ഇന്ന് അവധി നല്കി.
പ്രദേശത്ത് പ്രകമ്പനം ഉണ്ടായതായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സ്ഥിരീകരിച്ചിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.