ബിജെപി-ജെഡിഎസ് പദയാത്ര ജനങ്ങൾ തള്ളിക്കളഞ്ഞെന്ന് ഡി.കെ. ശിവകുമാർ
Friday, August 9, 2024 6:10 AM IST
ബംഗുളൂരു: ബിജെപി-ജെഡിഎസ് പദയാത്രയ്ക്ക് അർഥവും ലക്ഷ്യവുമില്ലാത്തതിനാൽ ജനങ്ങൾ തള്ളിക്കളഞ്ഞെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.
ബിജെപി-ജെഡിഎസ് പദയാത്രയ്ക്ക് ജനപക്ഷവും ലക്ഷ്യവുമില്ലാത്തതിനാൽ ജനങ്ങളിൽ നിന്ന് മോശം പ്രതികരണമാണ് ലഭിച്ചത്. എസ്.എം. കൃഷ്ണ കാവേരി നദീജലത്തിനായി പദയാത്ര നടത്തിയിരുന്നു. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തി. വില, തൊഴിലില്ലായ്മ, ഖനന അഴിമതിക്കെതിരെ ഞങ്ങൾ ബല്ലാരിയിൽ പദയാത്ര നടത്തിയിരുന്നു.
എന്നാൽ ബിജെപി-ജെഡിഎസ് പദയാത്രയുടെ ഉദ്ദേശ്യം എന്താണ്?. ഒബിസി നേതാവ് രണ്ടാം തവണയും മുഖ്യമന്ത്രിയായത് ദഹിക്കാനാകാതെയാണ് അവർ ഇത് ചെയ്യുന്നത്. അവരുടെ പദയാത്രയോട് ആളുകൾ പ്രതികരിക്കുന്നില്ല. ജെഡിഎസ് പ്രവർത്തകർ സജീവമായി പങ്കെടുക്കുന്നില്ല.
ബിജെപി-ജെഡിഎസ് സഖ്യത്തോട് അഴിമതിയെ കുറിച്ച് ഞങ്ങൾ ചോദിച്ച ഒരു ചോദ്യങ്ങൾക്കും ഉത്തരം നൽകിയിട്ടില്ല. ഞങ്ങൾ കുമാരസ്വാമിയോട് ചില ചോദ്യങ്ങൾ ചോദിച്ചിരുന്നു, ആ ചോദ്യങ്ങൾക്കൊന്നും അദ്ദേഹം ഉത്തരം നൽകിയില്ല. പകരം, അദ്ദേഹം എന്റെ കുടുംബത്തിനെതിരെ അടിസ്ഥാനരഹിതമായ ചില ആരോപണങ്ങൾ ഉന്നയിക്കുകയാണ്. കുമാരസ്വാമി, തന്റെ സഹോദരൻ എങ്ങനെയാണ് ആയിരക്കണക്കിന് കോടി സ്വത്ത് സമ്പാദിച്ചതെന്ന് ഉത്തരം പറയണം.-ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടു.